മുംബൈ ഫാല്‍ക്കന്‍സ് റേസിങ് ടീം ഫോര്‍മുല ഫോര്‍ മിഡില്‍ ഈസ്റ്റ് ചാംപ്യന്‍മാര്‍
ഇന്ത്യന്‍ മോട്ടോര്‍ സ്പോര്‍ട്‌സിലെ വളരുന്ന ശക്തിയായ മുംബൈ ഫാല്‍ക്കന്‍സ് റേസിങ് ടീം ഫോര്‍മുല ഫോര്‍ മിഡില്‍ ഈസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ജേതാക്കളായി. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ ടീമാണ് ഫാല്‍ക്കന്‍സ്. 2019 നവംബറില്‍ സ്ഥാപിതമായ ടീമിന്റെ അഞ്ചാമത്തെ കിരീടമാണിത്. പുതിയ റേസിങ് താരങ്ങളെ വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യമിട്ടുള്ളതാണ് ഫോര്‍മുല ഫോര്‍ മിഡില്‍ ഈസ്റ്റ് ചാമ്പ്യന്‍ഷിപ്പ്. മധ്യ പൂര്‍വ്വ ദേശങ്ങളില്‍ പലയിടത്തായുള്ള മത്സരത്തില്‍ ആഗോള തലത്തില്‍ പ്രാതിനിധ്യമുണ്ട്.
ചാമ്പ്യന്‍ഷിപ്പിന്റെ മൂന്നാം റൗണ്ട് കഴിഞ്ഞ ദിവസം നടന്നു. ഫാല്‍ക്കസിന്റെ സെബാസ്റ്റ്യന്‍ വെല്‍ഡന്‍ മൂന്നാം റൗണ്ടിലെ ഒന്നാം റേസില്‍ ഒന്നാമതെത്തി. രണ്ടാം റേസില്‍ സലിം ഹന്നാ അരങ്ങേറ്റക്കാര്‍ക്കുള്ള റൂക്കി അവാര്‍ഡ് നേടി. റഷീദ് അല്‍ ദഹാരിയും ഷി ഷെന്‍ റൂയിയും രണ്ടും നാലും സ്ഥാനങ്ങളില്‍ എത്തി. ചാമ്പ്യന്‍ഷിപ്പിലെ ആകെയുള്ള പ്രകടനത്തില്‍ മുംബൈ ഫാല്‍ക്കന്‍സ് ട്രോഫി നേടി.
ഫാല്‍ക്കസ് നേരത്തെ റീജനല്‍ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പും എഫ്.ഫോര്‍ യു.എ.ഇ. ചാമ്പ്യന്‍ഷിപ്പും നേടിയിരുന്നു. സി.ഇ.ഒ. മൊയ്ദ് തുങ്കേക്കര്‍ നേതൃത്വം നല്‍കുന്ന ഫാല്‍ക്കന്‍സ് ടീമിന്റെ മെന്റര്‍ ക്രിക്കറ്റ് ഇതിഹാസം കപില്‍ദേവാണ്.
‘ഞങ്ങളുടെ കഠിനാധ്വാനത്തിനും സമര്‍പ്പണത്തിനുമുള്ള അംഗീകാരമാണിത്.’ ഫാല്‍ക്കന്‍സിന്റെ സഹസ്ഥാപകന്‍ അമീത് എച്ച്. ഗദോക്ക് പറഞ്ഞു. സെബാസ്റ്റ്യന്റെ ഒന്നാം സ്ഥാന നേട്ടത്തിലും സലിമിന്റെ അരങ്ങേറ്റ മികവിലും അഭിമാനിക്കുന്നതായി അദ്ദേഹം പറഞ്ഞു. മോട്ടോര്‍ സ്പോര്‍ട്സിലെ മുന്‍നിരക്കാരായ പ്രെമാ പവര്‍ ടീമുമായി സഹകരിച്ചാണ് ഫാല്‍ക്കന്‍സിന്റെ മുന്നേറ്റം. മികച്ച ടയര്‍ എന്‍ജിനീയറിംഗ് സപ്പോര്‍ട്ടും വൈദഗ്ദ്ധ്യവും പ്രമാ പവര്‍ ടീം നല്‍കുന്നു.
അമിത് ഹര്‍ജിന്ദര്‍ ഗദോക്കും നവ്ജീത് സിങ് ഗദോക്കും തേജാ റനെഡെ ഗദോക്കുമാണ് മുംബൈ ഫാല്‍ക്കന്‍സിന്റെ സ്ഥാപകര്‍. അഞ്ചുവര്‍ഷം കൊണ്ട് ടീം ഇന്ത്യന്‍ മോട്ടോര്‍ സ്പോര്‍ട്സില്‍ എണ്ണപ്പെട്ട ശക്തിയായി.