സംഭാലിൽ ശിവക്ഷേത്രത്തിനടുത്തുള്ള കിണർ കുഴിക്കുന്നതിനിടെ മൂന്ന് വിഗ്രഹങ്ങൾ കണ്ടെടുത്തു
യുപിയിലെ സംഭാലിൽ വീണ്ടും തുറന്ന ‘പുരാതന ക്ഷേത്രത്തിന്’ പുറത്ത് കിണർ കുഴിക്കുന്നതിനിടെ തകർന്ന മൂന്ന് വിഗ്രഹങ്ങൾ കണ്ടെടുത്തു. “പുരാതന ക്ഷേത്ര” വളപ്പിലെ കിണർ കുഴിക്കുന്നതിനിടെ തിങ്കളാഴ്ച ഹിന്ദു ദേവതയായ പാർവതിയുടെയും ഗണേശൻ്റെയും കാർത്തികേയൻ്റെയും തകർന്ന മൂന്ന് വിഗ്രഹങ്ങൾ കണ്ടെടുത്തു. ദേശീയ മാധ്യമമായ ANIയാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.
1978 ന് ശേഷം ആദ്യമായിട്ടാണ് പ്രദേശത്തെ ശിവ-ഹനുമാൻ ക്ഷേത്രം കഴിഞ്ഞ ദിവസം തുറന്നത്. 1978 ന് ശേഷം തുറന്ന ക്ഷേത്രത്തിനുള്ളിൽ ശിവന്റെയും ഹനുമാന്റെയും വിഗ്രഹങ്ങൾ കണ്ടെത്തിയിരുന്നു. ഷാഹി ജുമാ മസ്ജിദിന് സമീപത്തെ ക്ഷേത്രമാണ് തുറന്നത്. ഷാഹി ജമാ മസ്ജിദ് സ്ഥലം കൈയേറിയെന്നാരോപിച്ച് ഒഴിപ്പിക്കാനെത്തിയപ്പോഴാണ് അധികൃതർ പൂട്ടിക്കിടക്കുന്ന ക്ഷേത്രം കണ്ടെത്തിയത്.
അനധികൃത കയ്യേറ്റക്കാർ ശിവ-ഹനുമാൻ ക്ഷേത്രത്തിന് സമീപമുള്ള കിണറ്റിലേക്ക് നിരവധി വിഗ്രഹങ്ങളും ക്ഷേത്ര ഉപകരണങ്ങളും തള്ളിയതായി സംഭാൽ എഎസ്പി സിരീഷ് ചന്ദ്ര മാധ്യമങ്ങളെ അറിയിച്ചു. കിണറ്റിൽ നിന്ന് ഇതുവരെ മൂന്ന് ഹിന്ദു ദൈവങ്ങളുടെ വിഗ്രഹങ്ങൾ കണ്ടെടുത്തു. ഒരു വിഗ്രഹം കാർത്തികേയ ഭഗവാന്റെ ഒന്നായ ഗണപതിയുടേതാണെന്ന് തോന്നുന്നതായി എഎസ്പി പറഞ്ഞു.
ഇപ്പോൾ പ്രദേശം സുരക്ഷിതമാക്കുകയും വിഗ്രഹങ്ങൾ സംരക്ഷിക്കാനുമാണ് പൊലീസ് അടക്കം ശ്രമിക്കുന്നത്. കൂടാതെ തുറന്ന ക്ഷേത്രത്തിൽ ദർശനവും പൂജയും സുഗമമാക്കുന്നതിന് മതിയായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
പതിറ്റാണ്ടുകളായി ഈ പ്രദേശം അനധികൃത അധിനിവേശത്തിന്റെ പിടിയിലായിരുന്നു. ഒന്നിലധികം പള്ളികളും ഇടതൂർന്ന കോളനികളുമുള്ള ഒരു വലിയ ജനസമൂഹമാണ് ഇവിടെ വസിച്ച് വരുന്നത്. കൂടാതെ കൈയേറ്റ പ്രദേശങ്ങളിൽ വ്യാപകമായ വൈദ്യുതി മോഷണം നടക്കുന്നുണ്ട്. ഇത് നീക്കം ചെയ്യാനുള്ള ശ്രമത്തിലാണ് ഭരണകൂടം. കൈയേറ്റ വിരുദ്ധ നീക്കത്തിനിടെയാണ് ശിവ-ഹനുമാൻ ക്ഷേത്രവും കണ്ടെത്തിയത്. അനധികൃത നിർമിതികളാൽ ക്ഷേത്രം എല്ലാ ഭാഗത്തുനിന്നും മറച്ചു വച്ച നിലയിലായിരുന്നു.