KeralaTop News

എട്ടുവർഷം നീണ്ട പ്രണയം; ജീവിതം തുടങ്ങും മുൻപേ മടക്കം; നോവായി നിഖിലും അനുവും

Spread the love

വർഷങ്ങളോളം നീണ്ട പ്രണയം വിവാഹത്തിലേക്ക് എത്തി. എന്നാൽ, ജീവിതം തുടങ്ങും മുൻപേ മടങ്ങേണ്ടി വന്നു നിഖിലിനും അനുവിനും. രണ്ടാഴ്ച മുൻപായിരുന്നു ഇരുവരുടേയും വിവാഹം. മലേഷ്യയിൽ മധുവിധു കഴിഞ്ഞ് മടങ്ങും വഴിയാണ് വാഹനാപകടം ജീവൻ കവർന്നത്. എട്ടുവർഷം മുൻപ് നാട്ടുകാരിയും ഒരേ ഇടവക്കാരിയുമായ അനുവിനോട് നിഖിൽ മത്തായിക്ക് തോന്നിയ ഇഷ്ടമാണ് വീട്ടുകാരുടെ സമ്മതത്തോടെ വിവാഹത്തിലേക്ക് എത്തിയത്.

നവംബർ മുപ്പതിനായിരുന്നു വിവാഹം. ദിവസങ്ങൾക്കുള്ളിൽ നവദമ്പതികൾ ജീവിതത്തിലെ തങ്ങളുടെ ഏറ്റവും സുന്ദര മുഹൂർത്തത്തിന് സാക്ഷിയാകാൻ മലേഷ്യയിലേക്ക് വിമാനം കയറി. തിരിച്ചെത്തിയതിനുശേഷം മതി നാട്ടിലെ വിരുന്നുകളെന്നൊയിരുന്നു ഇവരുടെ തീരുമാനം. ഇന്ന് രാവിലെ കുമ്പഴയിലെ ഒരു ബന്ധുവീട്ടിൽ വിരുന്നിന് പോകാനിരിക്കെയാണ് അപ്രതീക്ഷിത മടക്കം.

നാളെ അനുവിന്റെ ജന്മദിനം കൂടിയായിരുന്നു. ഇത് ആഘോഷമാക്കാനായിരുന്നു ഇരുവരുടെയും തീരുമാനം. വീട്ടിലടക്കം ഒരുക്കങ്ങൾ ക്രമീകരിച്ചിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിത ദുരന്തം തേടിയെത്തിയത്. ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഹൈദരാബാദ് സ്വദേശികൾ സഞ്ചരിച്ച ബസുമായി ഇവർ സഞ്ചരിച്ചിരുന്ന കാർ കൂട്ടിയിടിച്ചായിരുന്ന അപകടം. പുലർച്ച നാലേ കാലോടെയാണ് നാടിനെ നടുക്കിയ അപകടം.
കാറിൽ ഉണ്ടായിരുന്ന മത്തായി ഈപ്പൻ,മകൻ നിഖിൽ മത്തായി, ഭർതൃ പിതാവ് ബിജു ജോർജ് എന്നിവർ തൽക്ഷണം മരിച്ചു. നിഖിലിന്റെ ഭാര്യ അനൂ ബിജുവിനെ ആദ്യം കോന്നി താലൂക്ക് ആശുപത്രിയിലും പിന്നീട് പത്തനംതിട്ട മുത്തൂറ്റ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിയ്ക്കാനായില്ല. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ഇടത്തിട്ടയിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. വിദേശത്തുള്ള ബന്ധുക്കളെത്തിയതിനു ശേഷമായിരിക്കും സംസ്കാരം.

അതേസമയം കാർ ഡ്രൈവർ ഉറങ്ങി പോയതാണ് പത്തനംതിട്ട അപകടത്തിന്റെ കാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ. ബിജു പി ജോർജ്ജ് ആണ് കാർ ഓടിച്ചിരുന്നത്. മുറിഞ്ഞകല്ലിൽ അപകടം പതിവെന്ന് നാട്ടുകാർ പറയുന്നു. ദേശീയപാതകളിലെ അശാസ്ത്രീയനിർമ്മാണം ചർച്ച ചെയ്യാൻ ചൊവ്വാഴ്ച പ്രത്യേക യോഗം ചേരും.