KeralaTop News

രക്ഷാ ദൗത്യത്തിന് പണം ആവശ്യപ്പെട്ട കേന്ദ്ര സർക്കാർ നടപടി; പ്രതിഷേധം ശക്തമാക്കാൻ സംസ്ഥാന സർക്കാർ

Spread the love

മുണ്ടക്കൈ-ചൂരൽമല രക്ഷാ ദൗത്യത്തിന് പണം ആവശ്യപ്പെട്ട കേന്ദ്ര സർക്കാർ നിലപാടിനെതിരെ പ്രതിഷേധം ശക്തമാക്കാൻ സംസ്ഥാന സർക്കാർ. എയർ ലിഫ്റ്റിംഗിന് പണം ആവശ്യപ്പെട്ട നടപടിയിൽ കേന്ദ്രത്തിനെതിരെ വിമർശനം കടുപ്പിക്കും. പണം നൽകാൻ കഴിയില്ലെന്ന് അറിയിച്ച് കേന്ദ്രത്തിന് കത്ത് നൽകാനാണ് സംസ്ഥാന സർക്കാർ തീരുമാനം.

2019ലെ പ്രളയം മുതൽ വയനാട് ദുരന്തം വരെയുള്ള എയർലിഫ്റ്റ് സേവനത്തിന് 132,62,00,000 ലക്ഷം രൂപ കേരളം തിരിച്ചടക്കണമെന്നാണ് കേന്ദ്ര സർക്കാർ നിലപാട്. എത്രയും പെട്ടെന്ന് തുക അടയ്ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ചീഫ് സെക്രട്ടറിക്ക് എയർ വൈസ് മാർഷൽ കത്ത് നൽകിയത്. അതേസമയം കേന്ദ്രം കനിഞ്ഞില്ലെങ്കിൽ തുക അടക്കാതെ വേറെ പോംവഴികൾ ഉണ്ടാകില്ല. എസ്‍.ഡി.ആർ.എഫിൽ നിന്ന് പണം അടച്ചാൽ പ്രതിസന്ധി രൂക്ഷമാകും.

കേന്ദ്ര നടപടി ജനാധിപത്യ വിരുദ്ധമെന്നും പണം നൽകാൻ കഴിയാത്തതിന്റെ സാഹചര്യം വിശദീകരിച്ച് കേന്ദ്രത്തിന് മറുപടി കത്ത് അയയ്ക്കുമെന്നും റവന്യു മന്ത്രി കെ.രാജൻ അറിയിച്ചിരുന്നു. എന്നാൽ അതേ സമയം എയർമാർഷലിന്റെ കത്ത് സർക്കാരിന്റെ ഔദ്യോഗിക രീതിയിൽ നടക്കുന്ന നടപടിക്രമം മാത്രമാണെന്നും അനാവശ്യ രാഷ്ട്രീയ വിവാദങ്ങൾ ഉണ്ടാക്കാൻ സിപിഐഎം ശ്രമിക്കുന്നുവെന്നും വി.മുരളീധരൻ കുറ്റപ്പെടുത്തി.