ട്രാവിസ് ഹെഡ് 150*, സ്മിത്ത് 101; ഗാബയില്‍ ഓസീസ് കൂറ്റൻ സ്കോറിലേക്ക്
ഗാബ ടെസ്റ്റിൽ ഓസീസ് കൂറ്റൻ സ്കോറിലേക്ക്. ട്രാവിസ് ഹെഡ്ഡ് ഒരിക്കൽ കൂടി കളം നിറഞ്ഞ പോരാട്ടത്തിൽ മികച്ച സ്‌കോറിലേക്ക് കുതിക്കുകയാണ് ആതിഥേയര്‍. നാളിതുവരെ ഫോം കണ്ടെത്താൻ പ്രയാസപ്പെട്ടിരുന്ന സ്റ്റീവൻ സ്മിത്ത് സെഞ്ച്വറി(101) നേടി പുറത്തായി. നിലവിൽ 150 റൺസുമായി ട്രാവിസ് ഹെഡ്, അലക്‌സ് കാരെ എന്നിവരാണ് ക്രീസിൽ. 4 വിക്കറ്റുകൾ നേടിയ ബുംറ മാത്രമാണ് ബൗളിംഗ് നിരയിൽ തിളങ്ങിയത്. നിലവിൽ ഓസീസ് 326/ 5 എന്ന നിലയിലാണ്.
മഴയെടുത്ത ആദ്യ ദിനത്തിന് ശേഷം ഗാബയിൽ രണ്ടാം ദിനം പ്രതീക്ഷയുള്ള തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. 75 റൺസെടുക്കുന്നതിനിടെ മൂന്ന് മുൻനിര ബാറ്റർമാർ കൂടാരം കയറി. അടുത്തടുത്ത ഓവറുകളിൽ ഓപ്പണർമാരായ ഉസ്മാൻ ഖ്വാജയെയയും നതാൻ മക്‌സ്വീനെയെയും പുറത്താക്കി ജസ്പ്രീത് ബുംറയാണ് ഇന്ത്യക്ക് നിർണായക ബ്രേക്ക് ത്രൂ നൽകിയത്. 34ാം ഓവറിൽ മാർനസ് ലബൂഷൈനെ പുറത്താക്കി നിതീഷ് റെഡ്ഡിയും വരവറിയിച്ചതോടെ ഓസീസ് പ്രതിരോധത്തിലാവുമെന്ന് തോന്നിച്ചു.
എന്നാൽ സമ്മർദമേതുമില്ലാതെ ബാറ്റ് വീശിയ ട്രാവിസ് ഹെഡ്ഡ് സ്മിത്തിനെ കൂട്ടുപിടിച്ച് സ്‌കോറുയർത്തി. 69ാം ഓവറിൽ ഹെഡ്ഡ് സെഞ്ച്വറി നേടി. 115 പന്തിലാണ് താരം മൂന്നക്കം കടന്നത്. എന്നത്തേയും പോലെ ഏകദിന ശൈലിയിലാണ് ഹെഡ്ഡ് ബാറ്റ് വീശിയത്. ഒരറ്റത്ത് വിക്കറ്റ് കളയാതെ നിലയുറപ്പിച്ച് സ്മിത്ത് ഹെഡ്ഡിന് മികച്ച പിന്തുണ നൽകി.