‘മകള്‍ കരഞ്ഞാണ് വിളിക്കാറുള്ളത്, ഇനിയും നിന്നാല്‍ ഭര്‍ത്താവ് എന്നെ കൊല്ലുമെന്ന് പറഞ്ഞു’; യുകെയില്‍ ഇന്ത്യന്‍ പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവത്തില്‍ മാതാവ്
ലണ്ടനില്‍ ഇന്ത്യന്‍ യുവതിയെ കാറിന്റെ ഡിക്കിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സംശയമുന യുവതിയുടെ ഭര്‍ത്താവിനടുത്തേക്ക്. തന്റെ ഭര്‍ത്താവ് തന്നെ കൊല്ലുമെന്ന് യുവതി മരിക്കുന്നതിന് മുന്‍പ് തന്നെ വിളിച്ച് പറഞ്ഞിരുന്നതായി മാതാവ് വെളിപ്പെടുത്തി. ഹര്‍ഷിത ബ്രെല്ലയെന്ന 24 വയസുകാരിയെ ഭര്‍ത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കാറിന്റെ ഡിക്കിയില്‍ സൂക്ഷിച്ചതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഡല്‍ഹി സ്വദേശിനിയാണ് ഹര്‍ഷിത. കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് ഇവര്‍ ലണ്ടനിലെത്തുന്നത്. ആഗസ്റ്റിലായിരുന്നു ഹര്‍ഷിതയുടേയും പങ്കജ് ലാംബയുടേയും വിവാഹം. കൊല്ലപ്പെടുന്നതിന് ഒരാഴ്ച മുന്‍പ് വിളിച്ചപ്പോള്‍ താനിനി ഭര്‍ത്താവിനടുത്തേക്ക് പോകില്ലെന്നും പോയാല്‍ അയാള്‍ തന്നെ കൊല്ലുമെന്നും മകള്‍ പറഞ്ഞതായി ഹര്‍ഷിതയുടെ അമ്മ ബിബിസിയോട് വെളിപ്പെടുത്തി. ലാംബ നിലവില്‍ ഇന്ത്യയിലേക്ക് കടന്നെന്നാണ് കരുതുന്നതെന്നും എന്നാല്‍ ഡല്‍ഹി പൊലീസ് തന്റെ പരാതി ചെവിക്കൊള്ളുന്നില്ലെന്നും മാതാവ് ആരോപിച്ചു. എന്നാല്‍ വിഷയത്തില്‍ ഇടപെടാന്‍ യുകെ പൊലീസ് തങ്ങളോട് ആവശ്യപ്പെട്ടിട്ടില്ലെന്നായിരുന്നു ഡല്‍ഹി പൊലീസിന്റെ വിശദീകരണം. ലണ്ടനില്‍ കേസിന്റെ അന്വേഷണം പുരോഗമിക്കുകയാണെന്നാണ് മനസിലാക്കുന്നതെന്നും ഡല്‍ഹി പൊലീസ് പറഞ്ഞു.
തങ്ങളുടെ മകള്‍ക്ക് നീതി ലഭിക്കാന്‍ അധികാരികള്‍ ഇടപെടണമെന്ന് ഹര്‍ഷിതയുടെ പിതാവ് സാത്ബിര്‍ ബ്രെല്ല അഭ്യര്‍ത്ഥിച്ചു. മരിക്കുന്നതിന് ആഴ്ചകള്‍ക്ക് മുന്‍പ് മകളുടെ ഗര്‍ഭം അലസി കുഞ്ഞിനെ നഷ്ടപ്പെട്ടതായി മാതാപിതാക്കള്‍ പറഞ്ഞു. ഈ ദിവസങ്ങളിലത്രയും മകള്‍ കരഞ്ഞുകൊണ്ടാണ് സംസാരിച്ചിരുന്നതെന്നും അവളെ ഭര്‍ത്താവ് മര്‍ദിക്കാറുണ്ടായിരുന്നെന്നും മാതാപിതാക്കള്‍ പറഞ്ഞു. നോര്‍ത്താംപ്ടണ്‍ഷയര്‍ പൊലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.