KeralaTop News

നോവായി ആന്‍മേരി; കാട്ടാന തള്ളിയിട്ട പനമരം വീണ് മരിച്ച എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം സംസ്‌കരിച്ചു

Spread the love

കോതമംഗലം നീണ്ടപാറയില്‍ കാട്ടാന തള്ളിയിട്ട പനമരം വീണ് മരിച്ച എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി ആന്‍മേരിയുടെ മൃതദേഹം സംസ്‌കരിച്ചു. തൃശ്ശൂര്‍ പാഴായി സെന്റ് സെബാസ്റ്റ്യന്‍ പള്ളിയിലാണ് സംസ്‌കാരം നടത്തിയത്. ആന്‍മേരിയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് നാട്ടുകാരും ബന്ധുക്കളും. മൃതദേഹം കളമശേരി മെഡി. കോളജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കി. തുടര്‍ന്ന് തൃശ്ശൂരിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് ശേഷമായിരുന്നു സംസ്‌കാരം.

നീണ്ടപാറ മേഖലയിലെ കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഫെന്‍സിങ്ങ് ഉള്‍പ്പെടെ സ്ഥാപിക്കുന്നത് വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് ഫോറസ്റ്റ് ഓഫീസിനു മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചു. ഫെന്‍സിങ്ങ് സ്ഥാപിക്കുന്നതിനുള്ള കരാര്‍ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ടെന്നും ഉടന്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും ആന്റണി ജോണ്‍ എംഎല്‍എ പറഞ്ഞു.കാട്ടാന ശല്യം തടയാന്‍ ഫെന്‍സിങ്ങ് സംവിധാനം അടിയന്തരമായി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ പ്രതിഷേധിച്ചു.