വയനാട് പാക്കേജ്: ‘കേന്ദ്രം രാഷ്ട്രീയം കളിക്കുന്നു, പ്രധാനമന്ത്രിയുടെ നിലപാട് നിരാശാജനകം’: പ്രിയങ്ക ഗാന്ധി
ദില്ലി: വയനാട് പാക്കേജിൽ കേന്ദ്രസർക്കാർ രാഷ്ട്രീയം കളിക്കുന്നുവെന്ന് പ്രിയങ്ക ഗാന്ധി. കേരളത്തോടുള്ള വിവേചനം രാഷ്ട്രീയ അടിസ്ഥാനത്തിലാണെന്ന് പ്രിയങ്ക ഗാന്ധി ആരോപിച്ചു. വയനാട് സഹായപാക്കേജ് വൈകുന്നതിൽ യുഡിഎഫ് എൽഡിഎഫ് എംപിമാർ സംയുക്തമായി നടത്തിയ പ്രതിഷേധത്തിന് ശേഷമാണ് പ്രിയങ്ക ഈക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്.
വയനാടിനോടുള്ള കേന്ദ്രവിവേചനം അവസാനിപ്പിക്കണം എന്ന ബാനറും പിടിച്ചാണ് പ്രിയങ്ക ഗാന്ധി സംസ്ഥാനത്തെ എംപിമാരുടെ പ്രതിഷേധത്തിൽ പങ്കുചേർന്നത്. യുഡിഎഫിന്റെയും എൽഡിഎഫിന്റെയും എംപിമാർ സംയുക്തമായിട്ടാണ് പാർലമെന്റിന് മുന്നിൽ പ്രതിഷേധിച്ചത്. മലയാളത്തിലുള്ള മുദ്രവാക്യങ്ങൾ പ്രിയങ്ക ഗാന്ധിയുടെ ഏറ്റുവിളിക്കുന്നുണ്ടായിരുന്നു.അമിത് ഷായും പ്രധാനമന്ത്രിയും ഈ വിഷയത്തിൽ കാണിക്കുന്ന വിവേചനം നിരാശാജനകമാണെന്ന് എംപിമാർ കുറ്റപ്പെടുത്തി.
നേരത്തെ അമിത് ഷായെ കണ്ട് എംപിമാർ നിവേദനം നൽകിയിരുന്നു. അതിന് പ്രിയങ്ക ഗാന്ധിക്ക് നൽകിയ മറുപടിയിൽ സംസ്ഥാനസർക്കാരാണ് ഈ പാക്കേജ് വൈകുന്നതിന് കാരണമെന്ന് കുറ്റപ്പെടുത്തിയിരുന്നു. എന്നാൽ രക്ഷപ്രവർത്തനത്തിനുള്ള വ്യോമസേനയുടെ നിരക്ക് കൂടി ചോദിച്ചതോടെ ഈക്കാര്യത്തിൽ രാഷ്ട്രീയ മത്സരം ഒഴിവാക്കി കേന്ദ്രത്തിനെതിരെ ഒന്നിച്ചു നിൽക്കാനുള്ള ധാരണയിലാണ് യുഡിഎഫും എൽഡിഎഫും എത്തിയിരിക്കുന്നത്