KeralaTop News

‘കൃത്യമായ റിപ്പോര്‍ട്ട് നല്‍കിയിരുന്നെങ്കില്‍ കേന്ദ്രം സഹായം അനുവദിച്ചേനെ’; സംസ്ഥാന സര്‍ക്കാരിനെതിരെ ആരിഫ് മുഹമ്മദ് ഖാന്‍

Spread the love

മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കൃത്യമായ റിപ്പോര്‍ട്ട് നല്‍കിയിരുന്നുവെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ സഹായം അനുവദിച്ചേനെ. പുനരധിവാസത്തിനായി എന്‍ജിയോകളും വ്യക്തികളും സഹായങ്ങള്‍ വാഗ്ദാനം ചെയ്തു. എന്നാല്‍ അവര്‍ക്ക് വേണ്ട സ്ഥലം അനുവദിക്കാന്‍ പോലും സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. കേന്ദ്ര സഹായം വൈകുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിനായിരുന്നു ഗവര്‍ണറുടെ പ്രതികരണം.

വയനാടിന് പ്രധാനമന്ത്രി തന്നെ നേരിട്ട് സഹായം വാഗ്ദാനം നല്‍കിയിട്ടുണ്ടെന്നും അത് പാലിക്കുമെന്നും ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കി. വ്യോമ സേനയുടെ സേവനങ്ങള്‍ക്ക് പണം ചോദിച്ചതുമായി ബന്ധപ്പെട്ട ചോദ്യങ്ങളിലും അദ്ദേഹം പ്രതികരിച്ചു. രക്ഷാ പ്രവര്‍ത്തന ദൗത്യങ്ങള്‍ക്ക് ഒരിക്കലും പണമീടാക്കാറില്ലെന്നും ഇത് മറ്റെന്തെങ്കിലും വിഷയവുമായി ബന്ധപ്പെട്ടായിരിക്കാം ഇത്തരത്തില്‍ പണം തേടിയതെന്നും ചില നിയമങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് പാലിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, രക്ഷാപ്രവര്‍ത്തനത്തിന് ചെലവായ തുക ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ കത്തയച്ചതിനെതിരെ മന്ത്രി കെ രാജന്‍ ഇന്ന് രംഗത്തെത്തിയിരുന്നു. കേന്ദ്രത്തിന്റേത് ജനാധിപത്യ വിരുദ്ധ സമീപനമെന്ന് മന്ത്രി പറഞ്ഞു. കേന്ദ്ര ദുരന്ത നിവാരണ നിധിയിലായിരുന്നു കേന്ദ്രം തുക വകയിരുത്തേണ്ടത്. കേന്ദ്രം പണം ആവശ്യപ്പെട്ടത് കോടതിയെ ബോധ്യപ്പെടുത്തുമെന്ന് മന്ത്രി കെ രാജന്‍ പറഞ്ഞു.

ദുരന്ത മേഖലയില്‍ നല്‍കണ്ടേ പണം നല്‍കാതെയാണ് ചെയ്ത സാഹയത്തിന് പണം ചോദിക്കുന്നതെന്ന് മന്ത്രി കെ രാജന്‍ പറഞ്ഞു. കേന്ദ്രത്തിന് മറുപടി കത്ത് നല്‍കുമെന്ന് പണം നല്‍കാന്‍ കഴിയാത്തതിന്റെ സാഹചര്യം വ്യക്തമാക്കുമെന്ന് മന്ത്രി കെ രാജന്‍ പറഞ്ഞു. ഉപകാരം ചെയ്തില്ലെങ്കിലും ഉപദ്രവിക്കരുതെന്ന് കെ വി തോമസ് പറഞ്ഞു. സേവനം ചെയ്തതിന് കാശു വാങ്ങുന്നത് എന്തിനാണെന്ന് കെ വി തോമസ് ചോദിച്ചു.