KeralaTop News

തൃശൂർ പൂരം ത്രിതല അന്വേഷണം: വിഎസ് സുനിൽകുമാറിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും

Spread the love

തൃശൂർ പൂരം കലക്കൽ വിവാദത്തിൽ വിഎസ് സുനിൽകുമാറിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും. ഇന്ന് രാവിലെ 11 മണിക്ക് രാമനിലയത്തിൽ വച്ചാണ് മൊഴി രേഖപ്പെടുത്തുക. പൂരം കലങ്ങിയത് സംബന്ധിച്ച് മുഖ്യമന്ത്രി പ്രഖ്യാപിച്ച അന്വേഷണത്തിന്റെ ഭാഗമായാണ് മൊഴിയെടുക്കൽ. തിരുവമ്പാടി ദേവസ്വം ഭാരവാഹികളുടെ മൊഴി നേരത്തെ രേഖപ്പെടുത്തിയിരുന്നു.

തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ ഗിരീഷ് കുമാർ, ജോയിൻ സെക്രട്ടറി ശശിധരൻ എന്നിവരെയാണ് ചോദ്യം ചെയ്തത്. പൂരം നിർത്തിവെക്കേണ്ട സാഹചര്യമെന്തായിരുന്നു എന്നതാണ് ആദ്യഘട്ട ചോദ്യം ചെയ്യലിൽ ആരാഞ്ഞത്. എഡിജിപി എം ആർ അജിത് കുമാർ പൂരം കലങ്ങിയതിനെ സംബന്ധിച്ച് നടത്തിയ അന്വേഷണത്തിൽ ഗുരുതര കണ്ടെത്തലുകളായിരുന്നു തിരുവമ്പാടി ദേവസ്വത്തിനെതിരെ ഉണ്ടായിരുന്നത്. ഇതിൻറെ കൂടി പശ്ചാത്തലത്തിലാണ് ത്രിതല അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ തിരുവമ്പാടി ദേവസത്തിന്റെ ഭാരവാഹികളെ ചോദ്യം ചെയ്ത് വിശദമായ മൊഴി എടുത്തത്.

അന്വേഷണം സംസ്ഥാന പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ നടക്കും. പൂരം അട്ടിമറിയിലെ ഗൂഢാലോചന ക്രൈം ബ്രാഞ്ച് മേധാവി അന്വേഷിക്കും. ഉദ്യോഗസ്ഥർക്കെതിരെ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നുള്ളത് ഇന്റലിജൻസ് മേധാവിയും അന്വേഷണം നടത്തും. എന്നിങ്ങനെ മൂന്ന് അന്വേഷണങ്ങളാണ് തൃശൂരം പൂരം കലക്കലിൽ നടക്കുന്നത്.