Top NewsWorld

ഹോസ്വാ ബെയ്ഹു പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

Spread the love

ഹോസ്വാ ബെയ്ഹു പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി. ഏതാനും ദിവസത്തിനുള്ളില്‍ മന്ത്രിസഭാ പ്രഖ്യാപനമുണ്ടാകും. പ്രധാനമന്ത്രിയായിരുന്ന മൈക്കല്‍ ബാര്‍നിയര്‍ പുറത്തായി ഒന്‍പത് ദിവസത്തിനുള്ളിലാണ് ബെയ്ഹു പ്രധാനമന്ത്രിയാകുന്നത്.

ഇമ്മാനുവല്‍ മക്രോണ്‍ നയിക്കുന്ന ഭരണമുന്നണിയില്‍ 2017 മുതല്‍ സഖ്യകക്ഷിയായ മൊഡെം പാര്‍ട്ടിയുടെ സ്ഥാപകനാണ് ബെയ്ഹു. ഈ വര്‍ഷം ഫ്രാന്‍സിന്റെ പ്രധാനമന്ത്രിപദത്തിലെത്തുന്ന മൂന്നാമത്തെയാളാണ് ഇദ്ദേഹം. കഴിഞ്ഞ ആറു മാസത്തിനിടെ നേരിടുന്ന രണ്ടാമത്തെ രാഷ്ട്രീയ പ്രതിസന്ധിയെ മറികടക്കാനാണ് മക്രോണ്‍ ബെയ്ഹൂവിനെ നിയമിച്ചത്.

അവിശ്വാസ പ്രമേയത്തെ തുടര്‍ന്നാണ് ഫ്രഞ്ച് സര്‍ക്കാര്‍ വീണത്. പ്രധാനമന്ത്രി മിഷേല്‍ ബാര്‍ണിയയ്ക്കെതിരെ പ്രതിപക്ഷം നല്‍കിയ അവിശ്വാസ പ്രമേയം പാസാവുകയായിരുന്നു. ബജറ്റിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ സര്‍ക്കാര്‍ നിലം പതിക്കുകയായിരുന്നു. മൂന്ന് മാസം മുന്‍പാണ് ബാര്‍ണിയ പ്രധാനമന്ത്രിയായി ചുമതലയേറ്റത്. ഇടത് എന്‍എഫ്പി മുന്നണി കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ 331 എംപിമാരാണ് പിന്തുണച്ചത്. ഇതിനെ മറൈന്‍ ലെ പെന്നിന്റെ തീവ്ര വലതുപക്ഷ വിഭാഗവും അപ്രതീക്ഷിതമായി പിന്തുണയ്ക്കുകയായിരുന്നു. 288 വോട്ടുകളാണ് സര്‍ക്കാരിനെ അസ്ഥിരമാക്കാന്‍ വേണ്ടത്.

അടുത്ത വര്‍ഷത്തെ ചെലവുചുരുക്കല്‍ ബജറ്റിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് സര്‍ക്കാര്‍ താഴെ വീഴുന്നതിലേക്ക് വഴിവച്ചത്. ഈ ആഴ്ച തന്നെ സാമൂഹ്യ സുരക്ഷ ബില്ലിനെ ചൊല്ലിയുള്ള തര്‍ക്കത്തിന് പിന്നാലെ നടന്ന വോട്ടെടുപ്പിനെ ബാര്‍ണിയ സര്‍ക്കാര്‍ അതിജീവിച്ചിരുന്നു. 1962 ല്‍ പ്രസിഡന്റ് ചാള്‍സ് ഡി ഗല്ലിന്റെ കീഴില്‍ ജോര്‍ജ്ജ് പോംപിഡോയുടെ സര്‍ക്കാരാണ് ഇതിനുമുന്‍പ് അവിശ്വാസ പ്രമേയത്തെ തുടര്‍ന്ന് വീണത്.