KeralaTop News

കണ്ണൂർ തോട്ടട ITI യിലെ വിദ്യാർത്ഥി സംഘർഷം; എസ്എഫ്ഐ പ്രവർത്തകൻ അറസ്റ്റിൽ

Spread the love

കണ്ണൂർ തോട്ടട ഗവ. ഐ ടി ഐയിലെ വിദ്യാർത്ഥി സംഘർഷത്തിൽ എസ്എഫ്ഐ പ്രവർത്തകൻ അറസ്റ്റിൽ. തോട്ടട പൊളി ടെക്നിക് വിദ്യാർത്ഥി പാനൂർ സ്വദേശി അമൽ ബാബുവിനെയാണ് എടക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. കെ എസ് യു യൂണിറ്റ് പ്രസിഡന്റ്‌ മുഹമ്മദ്‌ റിബിനെ മർദ്ദിച്ച കേസിലാണ് അറസ്റ്റ്. റിബിനെ ആദ്യമക്രമിച്ചത് ഇയാളാണെന്നാണ് പൊലീസ് കണ്ടെത്തൽ. ഐ ടി ഐ യിൽ സംഘർഷം നടക്കുമ്പോൾ തൊട്ടടുത്ത പോളിടെക്‌നിക്കിൽ നിന്ന് ഒരു സംഘം എസ് എഫ് ഐ പ്രവർത്തകർ ഇവിടേക്ക് എത്തി കെ എസ് യു പ്രവർത്തകരെ മർദ്ദിക്കുകയായിരുന്നു. വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്.

നേരത്തെ റിബിനെ ആക്രമിച്ചതിൽ 11 എസ്എഫ്ഐ പ്രവർത്തകർക്കെതിരെയാണ് വധശ്രമക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തിരുന്നത്. മുള വടികൊണ്ട് തലക്കടിച്ചു വീഴ്ത്തി,കല്ലുപയോഗിച്ച് ഇടിച്ചു, നെഞ്ചിലും തലയ്ക്കും ചവിട്ടി,മാരകായുധങ്ങളുമായി സംഘം ചേർന്നുവെന്നും എഫ്ഐആറിൽ പറയുന്നു. മുപ്പതോളം എസ്എഫ്ഐ പ്രവർത്തകർ ചേർന്ന് ക്രൂരമായി ആക്രമിച്ചുവെന്നാണ് മർദ്ദനത്തിനിരയായ റിബിന്റെ മൊഴി. ചത്തില്ലേ എന്ന് ചോദിച്ച് ബോധം പോകും വരെ എസ്എഫ്ഐ പ്രവർത്തകർ തലയിൽ ചവിട്ടിയെന്നും റിബിൻ പറഞ്ഞു.

ക്യാമ്പസിൽ കെഎസ്‌യുവിന്റെ കൊടി കെട്ടുന്നതിന് ചൊല്ലിയാണ് സംഘർഷമുണ്ടായത്. സംഘർഷത്തെ തുടർന്ന് കോളജ് അനിശ്ചിതകാലത്തേക്ക് അടച്ചിരിക്കുകയാണ്. കോളജിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി ഇന്ന് വൈകിട്ട് പൊലീസ് സർവ്വകക്ഷി സമാധാനയോഗം വിളിച്ചിട്ടുണ്ട്.