Top NewsWorld

റഷ്യൻ കൂലിപ്പട്ടാളത്തിൽ അകപ്പെട്ട തൃശൂർ സ്വദേശികളുടെ മോചനം; യുവാക്കളുടെ വിവരങ്ങൾ തേടി റഷ്യൻ എംബസി

Spread the love

റഷ്യൻ കൂലിപ്പട്ടാളത്തിൽ അകപ്പെട്ട തൃശൂർ സ്വദേശികളുടെ മോചനത്തിനായി ഓർത്തഡോക്സ് സഭാധ്യക്ഷൻ്റെ ഇടപെടൽ ഫലം കാണുന്നു. തൃശ്ശൂർ കുറാഞ്ചേരി സ്വദേശി ജെയിൻ കുര്യൻ, കുട്ടനെല്ലൂർ സ്വദേശി ബിനിൽ ബാബുവിന്റേയും വിവരങ്ങൾ റഷ്യൻ എംബസി തേടി.

റഷ്യൻ കൂലിപ്പട്ടാളത്തിൽ അകപ്പെട്ട യുവാക്കളുടെ തിരിച്ചറിയൽ രേഖകൾ ഉടനടി നൽകണം എന്നാവശ്യപ്പെട്ടുകൊണ്ട് എംബസി അധികൃതർ ബസേലിയോസ് മാത്യൂസ് തൃതീയൻ കാതോലിക്ക ബാവയെ ബന്ധപ്പെട്ടു. പാസ്പോർട്ട് വിശദാംശങ്ങളും, രേഖകളും നൽകാൻ വീട്ടുകാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. റഷ്യൻ സർക്കാരിൻ്റെ ഓർഡർ ഓഫ് ഫ്രണ്ട്ഷിപ്പ് ബഹുമതി ഏറ്റുവാങ്ങിയ ചടങ്ങിൽ കാതോലിക്കബാവ റഷ്യൻ അംബാസിഡറോട് സഹായം അഭ്യർത്ഥിച്ചിരുന്നു.

നേരത്തെ കുടുംബം യുവാക്കളുടെ മോചനത്തിനായി പ്രധാനമന്ത്രിയുടെ ഇടപെടൽ കുടുംബം ആവശ്യപ്പെട്ടിരുന്നു. ഇരുവരെയും യുദ്ധമുഖത്ത് മുന്നണി പോരാളികളായി നിയമിക്കാൻ നീക്കം തുടങ്ങിയെന്നതായിരുന്നു ഒടുവിൽ ലഭിച്ച സന്ദേശം.

കഴിഞ്ഞ ഏപ്രിൽ മാസമാണ് ജെയിൻ കുര്യൻ, ബിനിൽ ബാബു എന്നിവർ റഷ്യയിൽ ജോലിക്കായി എത്തിയത്. പിന്നീട് കൂലി പട്ടാളത്തിൽ ചേർന്നു. പട്ടാളക്കാർക്ക് വേണ്ട സഹായങ്ങൾ ചെയ്തു കൊടുക്കൽ ആയിരുന്നു ജോലിയെങ്കിലും കഴിഞ്ഞയാഴ്ച ഇവരോട് യുദ്ധത്തിനായി പോകാൻ നിർദ്ദേശിക്കുകയായിരുന്നു. നാലു പേർ അടങ്ങുന്ന ഓരോ സംഘത്തെയും കഴിഞ്ഞ ദിവസങ്ങളിൽ യുദ്ധമുഖത്ത് വിന്യസിപ്പിച്ചു. ഒടുവിൽ പോകേണ്ടത് ജയിനും ബിനിലും രണ്ട് റഷ്യൻ പൗരന്മാരും ആയിരുന്നു. ഇന്നോ നാളെയോ അവരെ യുദ്ധമുഖത്തേക്ക് കൊണ്ടുപോകും എന്നതാണ് ഒടുവിൽ കുടുംബത്തിന് ലഭിച്ച സന്ദേശം.