നിങ്ങള്‍ വേട്ടയാടപ്പെട്ടേക്കാം, അമേരിക്കയിലേക്ക് പോകരുത്; പൗരന്മാര്‍ക്ക് കര്‍ശന നിര്‍ദേശവുമായി റഷ്യ
റഷ്യ- അമേരിക്ക നയതന്ത്ര ബന്ധം ഉലഞ്ഞതിന് പിന്നാലെ അമേരിക്കയിലേക്ക് യാത്ര ചെയ്യരുതെന്ന് പൗരന്മാര്‍ക്ക് നിര്‍ദേശവുമായി റഷ്യ. യൂറോപ്പിലേക്ക് യാത്ര ചെയ്യുന്നത് പരമാവധി ഒഴിവാക്കണമെന്നും റഷ്യ പൗരന്മാരോട് നിര്‍ദേശിച്ചിട്ടുണ്ട്. 1962ലെ ക്യൂബന്‍ മിസൈല്‍ പ്രതിസന്ധിയ്ക്ക് ശേഷം ആദ്യമായി റഷ്യ- അമേരിക്ക ബന്ധം വല്ലാതെ വഷളായ പശ്ചാത്തലത്തിലാണ് റഷ്യയുടെ കര്‍ശന നിര്‍ദേശം. അമേരിക്കന്‍ ഉദ്യോഗസ്ഥരാല്‍ നിങ്ങള്‍ വേട്ടയാടപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് റഷ്യയുടെ മുന്നറിയിപ്പ്.
റഷ്യ- അമേരിക്ക ബന്ധം തകര്‍ച്ചയുടെ വക്കിലാണെന്ന് റഷ്യന്‍ വിദേശകാര്യ വക്താവ് മാരിയ സഖാറോവ പറഞ്ഞു. ഔദ്യോഗികമായ അത്യാവശ്യങ്ങള്‍ക്കല്ലാതെ അമേരിക്കയിലേക്ക് പോകുന്നത് റഷ്യന്‍ പൗരന്മാര്‍ക്ക് ഗൗരവതരമായ പ്രത്യാഘാതമുണ്ടാക്കുമെന്ന് സംശയിക്കുന്നതായി അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇത് അവധി സമയമായതിനാല്‍ തന്നെ നിരവധി റഷ്യന്‍ പൗരന്മാര്‍ അമേരിക്കയിലേക്കും യൂറോപ്പിലേക്കും യാത്രയ്ക്ക് ഒരുങ്ങുകയാകും. അമേരിക്കയുടെ സഖ്യ കക്ഷികള്‍, കാനഡ, യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്കുള്ള യാത്രയും റഷ്യന്‍ പൗരന്മാര്‍ക്ക് അപകടകരമാണെന്നും റഷ്യന്‍ വിദേശകാര്യമന്ത്രാലം മുന്നറിയിപ്പ് നല്‍കി.
റഷ്യയിലേക്ക് അനാവശ്യയാത്രകള്‍ പാടില്ലെന്ന് അമേരിക്കയും പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. അമേരിക്കന്‍ പൗരന്മാര്‍ അനധികൃതമായി തടവിലടയ്ക്കപ്പെടാനോ ഉപദ്രവിക്കപ്പെടാനോ സാധ്യതയുണ്ടെന്നായിരുന്നു പൗരന്മാര്‍ക്ക് വൈറ്റ് ഹൗസിന്റെ മുന്നറിയിപ്പ്. യുക്രൈന് അമേരിക്ക 62 ബില്യണ്‍ ഡോളറിന്റെ സാമ്പത്തിക സഹായം നല്‍കിയതിന് പിന്നാലെയാണ് റഷ്യ- അമേരിക്ക ബന്ധത്തില്‍ ആഴത്തില്‍ വിള്ളലുണ്ടാകുന്നത്. പിന്നീട് അമേരിക്ക യുക്രൈന് നല്‍കിവന്ന പിന്തുണയും സഹായങ്ങളും റഷ്യയെ ചൊടിപ്പിച്ചു. ഇപ്പോള്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള നയന്ത്രബന്ധം അപടകത്തിലാണെന്ന് ഇരുരാജ്യങ്ങളുടേയും പ്രതിനിധികള്‍ തുറന്ന് സമ്മതിച്ചിട്ടുണ്ട്.