കുടുംബത്തിന്റേത് തീരാനോവ്’; കരിമ്പയിലെ വിദ്യാർത്ഥിനികളുടെ വീട്ടിലെത്തി രാഹുല്‍ മാങ്കൂട്ടത്തിൽ
പാലക്കാട് പനയമ്പാടത്ത് അപകടത്തില്‍ മരിച്ച 4 വിദ്യാര്‍ത്ഥികളുടെ വീട്ടിലെത്തി രാഹുല്‍ മാങ്കൂട്ടത്തിൽ എംഎൽഎ. ഉറ്റവരുടെയും കുടുംബത്തിന്റെയും തീരാനോവാണ്. രാവിലെ വീട്ടിൽ നിന്ന് സ്കൂളിലേക്ക് പോയവർ വൈകീട്ട് ഇങ്ങനെ തിരികെ എത്തുന്നത് കാണുക വളരെ പ്രയാസകരമാണെന്ന് രാഹുല്‍ മാങ്കൂട്ടത്തിൽ പ്രതികരിച്ചു.
നിരവധിയാളുകളാണ് കുട്ടികൾ മരണപ്പെട്ട പനയംപാടത്ത് അപകടത്തിപ്പെടുന്നത്. നിരന്തരമായി അപകടങ്ങൾ റോഡിൽ ഉണ്ടാകുമ്പോൾ അതിൽ ഒരു അശാസ്ത്രീയത ഉണ്ട് അത് പരിഹരിക്കപ്പെടണം. ഇതുമായി ബന്ധപ്പെട്ട് ഇന്ന് ഉന്നത ഉന്നതതല യോഗം നടക്കുന്നുണ്ടെന്നും രാഹുൽ മാങ്കൂട്ടത്തിൽ കൂട്ടിച്ചേർത്തു.
അതേസമയം, കരിമ്പനയ്ക്കൽ ഓഡിറ്റോറിയത്തിൽ വിദ്യാർത്ഥിനികളുടെ പൊതുദർശനം തുടരുകയാണ്. പാലക്കാട് ജില്ലാ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ രാവിലെ ആറ് മണിയോടെയാണ് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയത്. പത്തരയോടെ തുപ്പനാട് മസ്ജിദില്‍ ഒന്നിച്ചായിരിക്കും നാല് കുട്ടികളുടെയും സംസ്കാരം നടക്കുക.
ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് നാല് കുട്ടികളുടെ ജീവനെടുത്ത ദാരുണമായ അപകടമുണ്ടായത്. കരിമ്പ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍ മരിച്ചത്. കുട്ടികളുടെ മുകളിലേക്ക് സിമന്‍റ് ലോറി മറിയുകയായിരുന്നു. പള്ളിപ്പുറം ഹൗസിലെ അബ്ദുൽ സലാം- ഫാരിസ ദമ്പതികളുടെ മകൾ ഇർഫാന ഷെറിൻ, പട്ടേത്തൊടിയിൽ അബ്ദുൽ റഫീഖ്-ജസീന ദമ്പതികളുടെ മകൾ റിദ ഫാത്തിമ്മ, കവളെങ്ങൽ ഹൗസിലെ അബ്ദുൽ സലീം- നബീസ ദമ്പതികളുടെ മകൾ നിദ ഫാത്തിമ്മ, അത്തിക്കൽ ഹൗസിലെ ഷറഫുദ്ദീൻ-സജ്ന ദമ്പതികളുടെ മകൾ ഐഷ എന്നിവരാണ് മരിച്ചത്.