NationalTop News

‘അദാനിക്ക് വേണ്ടി എല്ലാം അട്ടിമറിക്കുന്നു’; കന്നി പ്രസംഗത്തില്‍ കേന്ദ്ര സര്‍ക്കാരിനെ കടന്നാക്രമിച്ച് പ്രിയങ്ക ഗാന്ധി

Spread the love

കേന്ദ്ര സര്‍ക്കാരിനെ കടന്നാക്രമിച്ചും പരിഹസിച്ചും ലോക്‌സഭയിലെ കന്നിപ്രസംഗത്തില്‍ പ്രിയങ്ക ഗാന്ധി. ഭരണഘടനയെ അട്ടിമറിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ എല്ലാ വഴികളും തേടുന്നെന്നും അദാനിക്ക് വേണ്ടി എല്ലാം അട്ടിമറിക്കുന്നെന്നും ഭരണഘടനയുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ പ്രിയങ്ക ഗാന്ധി ആരോപിച്ചു. ബിജെപി സര്‍ക്കാര്‍ വാഷിംഗ് മെഷീനാണെന്നായിരുന്നു പ്രിയങ്കാ ഗാന്ധിയുടെ പരിഹാസം. ഇന്ത്യന്‍ ഭരണഘടന അംഗീകരിച്ചതിന്റെ 75ാം വാര്‍ഷികത്തോടനുബന്ധിച്ച് പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അവര്‍.

പാര്‍ലമെന്റ് ആക്രണത്തില്‍ വീരമൃത്യു വരിച്ചവര്‍ക്ക് ആദരം അര്‍പ്പിച്ചു തന്റെ കന്നി പ്രസംഗം ആരംഭിച്ച പ്രിയങ്ക ഗാന്ധി, ഉന്നവോ ബലാത്സംഗവും സംഭല്‍ സംഘര്‍ഷവും ഉന്നയിച്ചു കേന്ദ്രത്തെ പ്രതിരോധത്തിലാക്കി.ഭരണഘടന, സംവരണം, ജാതി സെന്‍സസ് തുടങ്ങിയ വിഷയങ്ങളില്‍ ഊന്നിയായിരുന്നു പ്രിയങ്കയുടെ പ്രസംഗം. ഭരണഘടനയെ സുരക്ഷാ കവചമെന്ന് വിശേഷിപ്പിച്ച പ്രിയങ്ക ബിജെപി ഈ കവചം തകര്‍ക്കാനാണ് ശ്രമിക്കുന്നതെന്നും വിമര്‍ശിച്ചു. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്കേറ്റ തിരിച്ചടി ഭരണഘടനയെ കുറിച്ച് കൂടുതല്‍ സംസാരിക്കാന്‍ അവരെ പ്രേരിപ്പിച്ചുവെന്ന് പ്രിയങ്ക ചൂണ്ടിക്കാട്ടി

ഒരു വ്യക്തി വേണ്ടി ഒരു ജനതയെ മോദി സര്‍ക്കാര്‍ വഞ്ചിക്കുകയാണെന്നും പ്രിയങ്ക പറഞ്ഞു. പ്രസംഗത്തില്‍ ഇടപെട്ട് ചര്‍ച്ച ഭരണഘടനയിന്മേലാണെന്ന് സ്പീക്കര്‍ ഓര്‍പ്പിച്ചെങ്കിലും പ്രിയങ്ക വഴങ്ങിയില്ല.

കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ചാണ് ലോക്‌സഭയില്‍ ഭരണഘടനയുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്ക് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് തുടക്കമിട്ടത്. ഭരണഘടനയെ അട്ടിമറിക്കാന്‍ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ പലവട്ടം ശ്രമിച്ചെന്നും, ഭരണഘടനയ്ക്ക് രാഷ്ട്രീയനിറം നല്‍കാന്‍ നീക്കം നടത്തുന്നെന്നും രാജ്‌നാഥ് സിംഗ് കുറ്റപ്പെടുത്തി. അഖിലേഷ് യാദവ്, കല്യാണ്‍ ബാനര്‍ജി, മഹുവ മൊയത്ര തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു. ചര്‍ച്ചകള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ മറുപടി പറയും. രാഹുല്‍ഗാന്ധിയും നാളെ സംസാരിക്കും