കരിമ്പ അപകടം; ഒടുവില്‍ കണ്ണുതുറന്ന് അധികാരികള്‍; വേഗത നിയന്ത്രിക്കാന്‍ കര്‍ശന പൊലീസ് പരിശോധനയ്ക്ക് തീരുമാനം
കരിമ്പയില്‍ നാലു കുട്ടികളുടെ ജീവന്‍ കവര്‍ന്ന റോഡപകടത്തിന് ശേഷം കണ്ണുതുറന്ന് അധികാരികള്‍. നാളെ പ്രദേശത്ത് സുരക്ഷ ഓഡിറ്റിംഗ് നടത്തും. വേഗത നിയന്ത്രിക്കാന്‍ പൊലീസിന്റെ കര്‍ശന പരിശോധന ആരംഭിക്കാനും മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. പ്രദേശത്ത് കടുത്ത ജനരോഷം ഉയര്‍ന്ന സാഹചര്യത്തിലാണ് പ്രത്യേക യോഗം വിളിച്ചത്. റോഡ് പരിപാലിക്കുന്നതില്‍ ദേശീയപാത അതോറിറ്റിക്ക് വീഴ്ച പറ്റിയതായി കെ ശാന്തകുമാരി എംഎല്‍എ പറഞ്ഞു.
പനയമ്പാടത്തെ അശാസ്ത്രീയമായ റോഡ് നിര്‍മ്മാണത്തിനെതിരെ ഗുരുതര പരാതികളാണ് നാട്ടുകാര്‍ക്ക് പറയാനുള്ളത്. നാല് കുട്ടികളുടെ ജീവന്‍ പൊലിഞ്ഞതോടെ ജനരോഷം ഇന്നലെ അണപൊട്ടിയിരുന്നു. ഈ സാഹചര്യത്തിലാണ് നാട്ടുകാരുമായി ഇന്ന് ജില്ലാ കലക്ടറുടെ ചേമ്പറില്‍ ചര്‍ച്ച നടന്നത്. റോഡിലെ വളവ് അടക്കം എല്ലാ പ്രശ്‌നങ്ങളും യോഗത്തില്‍ നാട്ടുകാര്‍ ഉന്നയിച്ചു. അമിതവേഗത നിയന്ത്രിക്കാന്‍ ഇന്നുമുതല്‍ പോലീസ് പരിശോധന തുടങ്ങി. ദിവസവും ചെയ്യേണ്ട ജോലികള്‍ പ്രത്യേകം വിലയിരുത്താനും തീരുമാനമായി.
പൊലീസും മോട്ടോര്‍ വാഹന വകുപ്പും പിഡബ്ല്യുഡി ഉദ്യോഗസ്ഥരും ചേര്‍ന്നുള്ള ടീം സുരക്ഷ ഓഡിറ്റിംഗ് നാളെ നടത്തും. ഇതിലെ നിര്‍ദ്ദേശങ്ങള്‍ വെച്ച് പദ്ധതി തയ്യാറാക്കും. റോഡില്‍ ഗ്രിപ്പ് വയ്ക്കാന്‍ ദേശീയപാത അതോറിറ്റിക്ക് നിര്‍ദ്ദേശം നല്‍കി.
അതേസമയം, അപകടത്തിന് കാരണമായ രണ്ടു ലോറികളുടെയും ഡ്രൈവര്‍മാരുടെ അറസ്റ്റ് രേഖപ്പെടുത്തി. കാസര്‍കോട് സ്വദേശി മഹേന്ദ്ര പ്രസാദ്, മലപ്പുറം സ്വദേശി പ്രജീഷ് ജോണ്‍ എന്നിവരെയാണ് മനപ്പൂര്‍വമല്ലാത്ത നരഹത്യ വകുപ്പില്‍ അറസ്റ്റ് ചെയ്തത്. കൂടുതല്‍ പരിശോധനകള്‍ നടന്നുവരുന്നു.