കെപിസിസി പുനഃസംഘടന; പരസ്യ പ്രതികരണങ്ങളിൽ ഹൈക്കമാൻഡിന് അതൃപ്തി
കെപിസിസി പുനഃസംഘടന സംബന്ധിച്ച പരസ്യ പ്രതികരണങ്ങളിൽ ഹൈക്കമാൻഡിന് അതൃപ്തി. പുനസംഘടന തീരുമാനങ്ങൾ പ്രഖ്യാപിക്കേണ്ടത് സംസ്ഥാന നേതാക്കളല്ല. പുനഃസംഘടന സംബന്ധിച്ച് ഹെക്കമാൻഡ് തീരുമാനമെടുക്കും. ചർച്ചകൾ ആരംഭിച്ചിട്ടില്ലെന്നും ഹൈക്കമാൻഡ്. ചർച്ചകൾക്ക് തുടക്കമിട്ടത് കെപിസിസി അധ്യക്ഷൻ തന്നെയെന്ന് ഒരു കൂട്ടം കേരള നേതാക്കൾ ആരോപിച്ചു.
ഇന്നലെ ചേർന്ന കെപിസിസി യോഗത്തിൽ നിന്നും പുനഃസംഘടന വിവാദങ്ങൾ ഒഴിവാക്കിയത് ബോധപൂർവ്വം. വിവാദങ്ങളും പുനഃസംഘടനയും ചർച്ചയാവാതെയാണ് കെ.പി.സി.സി നേതൃയോഗം ചേർന്നത്. ചർച്ചയായത് അടുത്ത മാസത്തെ പരിപാടികൾ മാത്രം. ഓൺലൈനിൽ ആണ് കെപിസിസി നേതൃയോഗം ചേർന്നത്. എല്ലാവരുടെയും പങ്കാളിത്തംനേതൃയോഗത്തിൽ ഉണ്ടായിരുന്നില്ല.
വൈദ്യുതി നിരക്ക് വർധനയുമായി ബന്ധപ്പെട്ട് സമരം കടുപ്പിക്കാനാണ് ഇന്നലെ ചേർന്ന കെപിസിസി നേതൃയോഗത്തിൽ തീരുമാനിച്ചത്. ദീർഘകാല കരാർ റദ്ദാക്കിയത് പരമാവധി ചർച്ചായാക്കാനാണ് തീരുമാനം.വയനാട് ഫണ്ട് പിരിവ് സജീവമാക്കാനും നേതൃയോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്. മിഷൻ 25 എന്ന പേരിൽ തദ്ദേശ തെരഞ്ഞെടുപ്പിന് ഒരുങ്ങാൻ നിർദേശം നൽകി. ബൂത്ത് കമ്മിറ്റികളുടെ പുനഃസംഘടന വേഗത്തിലാക്കാനും കെപിസിസി നേതൃയോഗത്തിൽ നിർദേശം നൽകി.