NationalTop News

വിവാദ പരാമർശം; അലഹാബാദ് ഹൈക്കോടതി ജസ്റ്റിസ് ശേഖർ കുമാർ യാദവിനെ ഇംപീച്ച് ചെയ്യണമെന്ന് ആവശ്യം

Spread the love

വിവാദ പരാമർശം നടത്തിയ അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ശേഖർ കുമാർ യാദവിനെ ഇംപീച്ച് ചെയ്യണമെന്ന് ആവശ്യം. കേരളത്തിലെ അടക്കം 55 എംപിമാർ ഒപ്പിട്ട ഇംപീച്ച്മെന്റ് പ്രമേയം രാജ്യസഭ സെക്രട്ടറി ജനറലിന് കൈമാറി. യുപിയിൽ നടന്ന വിശ്വഹിന്ദു പരിഷത്ത് പരിപാടിയിൽ ജഡ്ജി നടത്തിയ വിദ്വേഷ പ്രസംഗത്തില്‍ കഴിഞ്ഞ ദിവസം സുപ്രീംകോടതി ഇടപെട്ടിരുന്നു. ഹൈക്കോടതിയില്‍ നിന്നും സുപ്രീംകോടതി വിശദാംശങ്ങള്‍ തേടിയിരുന്നു.

യാദവിനെ ഇംപീച്ച് ചെയ്യണമെന്ന് സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റും രാജ്യസഭാ എംപിയുമായ കപില്‍ സിബല്‍ ആവശ്യപ്പെട്ടു. ഭരണഘടനാലംഘനം ചൂണ്ടിക്കാട്ടി ബൃന്ദാകാരാട്ട് ചീഫ് ജസ്റ്റിസിന് കത്തയച്ചിരുന്നു.

“നിയമങ്ങൾ പ്രവർത്തിക്കുന്നത് ഭൂരിപക്ഷത്തിന്റെ ആഗ്രഹങ്ങൾക്ക് അനുസരിച്ചാണ്. ഒരു കുടുംബമായാലും ഒരു സമൂഹമായാലും. ഭൂരിപക്ഷത്തിൻ്റെ ക്ഷേമത്തിനും സന്തോഷത്തിനും പ്രയോജനപ്പെടുന്ന കാര്യങ്ങൾ മാത്രമേ സ്വീകരിക്കൂ, യൂണിഫോം സിവിൽ കോഡ് നടപ്പാകുമെന്നും ഭൂരിപക്ഷത്തിന്റെ ആഗ്രഹമനുസരിച്ച് രാജ്യം പ്രവർത്തിക്കും. ബഹുഭാര്യത്വവും മുത്തലാഖും തങ്ങളുടെ അവകാശമായി ഒരു സമുദായം കണക്കാക്കുന്നു” എന്നുമായിരുന്നു രാഷ്ട്രീയ സ്വയംസേവക് സംഘിൻ്റെ തീവ്ര വലതുപക്ഷ ഹിന്ദുത്വ ശാഖയായ വിഎച്ച്പി സംഘടിപ്പിച്ച പരിപാടിയിൽ ജസ്റ്റിസ് യാദവ് പറഞ്ഞത്.