NationalTop News

ഗുരുവായൂർ ഉദയാസ്തമയ പൂജ മാറ്റിയതിനെതിരായ ഹർജി; ആചാരങ്ങൾ അതേപടി തുടരേണ്ടതായിരുന്നു, സുപ്രീംകോടതി

Spread the love

ഗുരുവായൂർ ക്ഷേത്രത്തിലെ ഏകാദശി ദിനത്തിലെ ഉദയാസ്തമയ പൂജ മാറ്റിയതിനെതിരായ ഹർജിയിൽ എതിർകക്ഷികൾക്ക് സുപ്രീംകോടതി നോട്ടീസ് നൽകി.ആചാരങ്ങൾ അതേപടി തുടരേണ്ടതായിരുന്നു എന്ന് ഭരണസമിതിയോട് സുപ്രീംകോടതി. വെബ്‌സൈറ്റിലെ പൂജ പട്ടികയിൽ മാറ്റം വരുത്തരുതെന്നും നീക്കം ചെയ്യരുതെന്നും സുപ്രീം കോടതി നിർദ്ദേശം നൽകി.തിരക്ക് നിയന്ത്രിക്കാൻ ഭരണസമിതി മറ്റു മാർഗങ്ങൾ കണ്ടെത്തണമായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. ഉദയാസ്തമന പൂജ വഴിപാടാണ് ആചാരമല്ലെന്നായിരുന്നു ദേവസ്വം ബോര്‍ഡിന്റെ വാദം.വൃശ്ചിക മാസത്തിലെ പൂജ തുലാം മാസത്തിലേക്ക് മാറ്റിയ ദേവസ്വം ഭരണസമിതിയുടെ തീരുമാനത്തിനെതിരെ ആയിരുന്നു ഹർജി.

വൃശ്ചിക മാസത്തിലെ ഏകാദശി നാളിലെ ഉദയാസ്തമയ പൂജ തുലാം മാസത്തിലെ ഏകാദശി നാളിൽ നടത്താനുള്ള ഗുരുവായൂർ ദേവസ്വം തീരുമാനമാണ് കോടതിയിലെത്തിയത്. പൂജ മാറ്റുന്നത് ആചാരത്തിന്‍റെയും ദേവഹിതത്തിന്‍റെയും ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി തന്ത്രി കുടുംബമായ ചേന്നാസ് ഇല്ലമാണ് ഹര്‍ജി നല്‍കിയത്.

അതേസമയം, ഇന്നാണ് വിശ്വപ്രസിദ്ധമായ ഗുരുവായൂര്‍ ഏകാദശി. ഗുരുവായൂരിലെ ആണ്ട് വിശേഷങ്ങളില്‍ ഏറെ പ്രാധാന്യമുള്ളതാണ് ഗുരുവായൂര്‍ ഏകാദശി. ഇതിന്റെ ഭാഗമായി വിപുലമായ ആഘോഷങ്ങളാണ് ക്ഷേത്രത്തില്‍ ഒരുക്കിയിട്ടുള്ളത്.