തെരുവ് നായ ഓടിച്ചു; സൈക്കിളിൽ നിന്ന് വീണ് വിദ്യാർത്ഥിക്ക് ഗുരുതരപരിക്ക്
തൃശൂർ വാടാനപ്പള്ളിയിൽ തെരുവ് നായ ഓടിച്ചിട്ടതിനെ തുടർന്ന് സൈക്കിളിൽ നിന്ന് വീണ് വിദ്യാർത്ഥിക്ക് ഗുരുതരപരിക്ക്. വാടാനപ്പള്ളി പതിനഞ്ചാം വാർഡ് ഫ്രണ്ട്സ് റോഡിന് സമീപം താമസിക്കുന്ന അമ്പലത്ത് വീട്ടിൽ സഗീറിന്റെ മകൻ അദ്നാൻ (16) ആണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ അദ്നാനെ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ ആറേ മുക്കാലോടെ ഫ്രണ്ട്സ് റോഡിൽ വെച്ചായിരുന്നു സംഭവം. വീട്ടിലേക്ക് സാധനങ്ങൾ വാങ്ങാൻ സൈക്കിളിൽ കടയിൽ പോകുന്നതിനിടെ തെരുവ് നായ്ക്കൾ ഓടിച്ചിടുകയായിരുന്നു. തെരുവുനായകൾ ഓടിച്ചതിനെ തുടർന്ന് സൈക്കിൾ വേഗത്തിൽ ചവിട്ടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം നടന്നത്.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കാൽമുട്ടിനടക്കം കുട്ടിക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. പിന്നീട് നാട്ടുകാരാണ് കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയത്. നിലവിൽ കുട്ടി ചികിത്സയിൽ തുടരുകയാണ്.