KeralaTop News

വഖഫ് ഭൂമി വിഷയം; കുഞ്ഞാലിക്കുട്ടിയേയും സാദിഖലി തങ്ങളേയും വിമര്‍ശിച്ച് ലീഗ് ഹൗസിന് മുന്നില്‍ പോസ്റ്ററുകള്‍

Spread the love

മുനമ്പം വഖഫ് ഭൂമി വിഷയത്തില്‍ മുസ്ലീം ലീഗിലെ ഭിന്നത തെരുവിലേക്ക്. ലീഗ് ഹൗസിന് മുന്നില്‍ കെ എം ഷാജി വിഭാഗത്തെ പിന്തുണയ്ക്കുന്ന പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. സാദിഖലി തങ്ങളേയും പി കെ കുഞ്ഞാലിക്കുട്ടിയേയും ഉള്‍പ്പെടെ വിമര്‍ശിച്ചുകൊണ്ടാണ് പോസ്റ്ററുകള്‍

മുനമ്പം വഖഫ് ഭൂമി വിഷയത്തില്‍ പി കെ കുഞ്ഞാലിക്കുട്ടിയെ പേരെടുത്ത് വിമര്‍ശിച്ചും പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ പരോക്ഷമായി വിമര്‍ശിച്ചും കെഎം ഷാജിയ്ക്ക് അനുകൂലവുമാണ് പോസ്റ്റര്‍. മുനമ്പത്തേത് വഖഫ് ഭൂമി അല്ലെന്നു പറഞ്ഞ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പരാമര്‍ശം പോസ്റ്ററില്‍ പരാമര്‍ശിക്കുന്നുണ്ട്. കുഞ്ഞാലിക്കുട്ടിയുടെ കയ്യിലെ കളിപ്പാവയാകരുതെന്നും മുശാവറ,വഖഫ് സ്വത്ത് കട്ടെടുത്ത വരെയും കൂട്ടുനിന്നവരെയും സമുദായം വെറുതെ വിടില്ലെന്നും പോസ്റ്ററില്‍ പറയുന്നു.

മുനമ്പത്തെ ഭൂമി വഖഫല്ലെന്നു പറയാന്‍ വി ഡി സതീശനെ ചുമതലപ്പെടുത്തിയ പാര്‍ട്ടി നേതാവിനെ പുറത്താക്കുകയെന്ന് പോസ്റ്ററില്‍ ആവശ്യപ്പെടുന്നുണ്ട്. മുനവ്വറലി തങ്ങളെ വിളിക്കൂ മുസ്ലിം ലീഗിനെ രക്ഷിക്കൂ എന്നും പോസ്റ്ററില്‍ പറയുന്നു. സമസ്ത മുശാവറ നിര്‍ണായ യോഗം നടക്കാനിരിക്കെയാണ് പോസ്റ്റര്‍ ഉയര്‍ന്നത് എന്നതും ശ്രദ്ധേയമാണ്. പോസ്റ്റര്‍ പ്രതിഷേധം വാര്‍ത്തയാക്കിയതിന് പിന്നാലെ പോസ്റ്ററുകള്‍ നീക്കം ചെയ്തു.