KeralaTop News

കണ്ണൂർ മാടായി കോളജ് നിയമന വിവാദം; പയ്യന്നൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ ജയരാജിനെ വിമതവിഭാഗം തടത്തു

Spread the love

കണ്ണൂർ, മാടായി കോളേജിലെ നിയമന വിവാദത്തെച്ചൊല്ലി പയ്യന്നൂരിൽ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും തമ്മിൽ കയ്യാങ്കളി. പയ്യന്നൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ ജയരാജിനെ വിമതവിഭാഗം തടത്തു. മുല്ലപ്പള്ളി രാമചന്ദ്രനെ സാക്ഷി നിർത്തിയായിരുന്നു തർക്കവും കയ്യേറ്റവും. മാടായി കോളജ് ഭരണസമിതി അംഗമാണ് ജയരാജ്.

എം കെ രാഘവൻ എം പി ചെയർമാനായ പയ്യന്നൂർ എഡ്യൂക്കേഷൻ സൊസൈറ്റി നിയന്ത്രിക്കുന്ന മാടായി കോളജിലെ നിയമനങ്ങളാണ് വിവാദത്തിന് ഇന്ധനമായത്. കോഴ വാങ്ങി ബന്ധുവടക്കമുള്ള ഡിവൈഎഫ്ഐ പ്രവർത്തകരെ നിയമിച്ചെന്ന് ആരോപിച്ചാണ് രാഘവനെതിരെ കോൺഗ്രസ് പ്രാദേശിക നേതാക്കളും പ്രവർത്തകരും പരസ്യ കലാപത്തിന് തുടക്കമിട്ടത്. വിവാദ നിയമനങ്ങളെ ന്യായീകരിച്ച എം കെ രാഘവൻ കോളേജ് ഭരണസമിതി അംഗങ്ങൾക്കെതിരായ പാർട്ടിതല അച്ചടക്കനടപടി തെറ്റെന്നും വിമർശിച്ചു.

അതേസമയം, പ്രതിഷേധം ആസൂത്രിതമെന്നാണ് എം കെ രാഘവന്റെ നിലപാട്. നീക്കങ്ങൾക്ക് കെ സുധാകരന്റെ അടക്കം ആശിർവാദമുണ്ടെന്നും രാഘവൻ കരുതുന്നു. ഇതോടെയാണ് വിഷയം നേതൃതലത്തിലെ തർക്കമായി വളരുന്നത്. പ്രവർത്തകരുടെ വികാരം മനസ്സിലാക്കുന്നതിൽ എം കെ രാഘവന് വീഴ്ചയെന്നാണ് കണ്ണൂർ ഡിസിസി നിലപാട്. നിയമനം പുനപരിശോധിക്കാൻ സാധ്യതയില്ലെന്നിരിക്കെ പ്രശ്നപരിഹാരത്തിന് സംസ്ഥാന നേതൃത്വം ഇടപെട്ടേക്കും.