Top NewsWorld

സിറിയയില്‍ നിന്ന് 75 ഇന്ത്യക്കാരെ ഒഴിപ്പിച്ചു; ഇവരെ സുരക്ഷിതമായി ലെബനനിലേക്ക് മാറ്റിയെന്ന് വിദേശകാര്യമന്ത്രാലയം

Spread the love

സിറിയയില്‍ നിന്ന് 75 ഇന്ത്യക്കാരെ ഒഴിപ്പിച്ചു. 75 പേരേയും ലെബനനിലേക്ക് സുരക്ഷിതമായി മാറ്റിയെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. ജമ്മു കശ്മീരില്‍ നിന്ന് സിറിയയിലെത്തി കുടുങ്ങിയ 44 പേരും ഇവരില്‍ ഉള്‍പ്പെടുന്നുണ്ട്. ലെബനനില്‍ നിന്ന് ഇവര്‍ ഇന്ത്യയിലേക്ക് തിരിക്കുമെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി

ജമ്മു കശ്മീരില്‍ നിന്ന് തീര്‍ത്ഥാടനത്തിനായി എത്തിയ ഇന്ത്യക്കാരും സിറിയയില്‍ കുടുങ്ങുകയായിരുന്നു. ഇവര്‍ സെയ്ദ സൈനബില്‍ എത്തിയപ്പോള്‍ സിറിയയില്‍ ആഭ്യന്തര സംഘര്‍ഷം രൂക്ഷമാകുകയും ഇവര്‍ക്ക് മടങ്ങാന്‍ സാധിക്കാതെ വരികയുമായിരുന്നു. ഇന്ത്യയുടെ ഡമാസ്‌കസിലുള്ള എംബസിയും ബെയ്‌റൂത്തിലുള്ള എംബസിയും സംയുക്തമായി നടത്തിയ നീക്കത്തിനൊടുവിലാണ് തീര്‍ത്ഥാടകര്‍ ഉള്‍പ്പെടെയുള്ള 75 ഇന്ത്യക്കാരെ സുരക്ഷിതരായി ലെബനനില്‍ എത്തിച്ചത്.

ലെബനനില്‍ നിന്ന് ലഭ്യമാകുന്ന ആദ്യ വിമാനത്തില്‍ തന്നെ ഇവരെ നാട്ടിലെത്തിക്കുമെന്നാണ് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്. ആഭ്യന്തരസംഘര്‍ഷം പൊട്ടിപ്പുറപ്പെട്ട് ഉടന്‍ തന്നെ സിറിയയിലുള്ള ഇന്ത്യക്കാരോട് മടങ്ങാന്‍ വിദേശകാര്യ മന്ത്രാലയം നിര്‍ദേശിച്ചിരുന്നു. ബഷാര്‍ അല്‍ അസദിന്റെ സര്‍ക്കാരിനെതിരെ തുര്‍ക്കിയുടെ പിന്തുണയുള്ള വിമതരും സായുധസംഘങ്ങളും തിരിഞ്ഞതോടെയാണ് സിറിയയില്‍ ആഭ്യന്തരസംഘര്‍ഷം രൂക്ഷമായത്. അലപ്പോയും ഹാമയും ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ വിമത സംഘം കൈയടക്കിയതോടെ ബഷാര്‍ റഷ്യയിലേക്ക് കടക്കുകയായിരുന്നു.