ഇതുവരെ എത്ര ഫ്ലക്സ് ബോർഡുകൾ നീക്കം ചെയ്തു’?; സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം
അനധികൃത ഫ്ലക്സ് ബോർഡുകൾ നീക്കം ചെയ്യാത്തതിനെതിരെ സംസ്ഥാന സർക്കാരിന് വീണ്ടും ഹൈക്കോടതിയുടെ വിമർശനം. ഇതുവരെ എത്ര ബോർഡുകൾ നീക്കം ചെയ്തെന്ന് ഹൈക്കോടതി ചോദിച്ചു. രാഷ്ട്രീയ പാർട്ടികളുടെ ബോർഡുകൾ നീക്കം ചെയ്തതിന്റെ വിശദാംശങ്ങൾ അറിയിക്കാനും എത്ര പിഴ ഈടാക്കിയെന്ന് അറിയിക്കണമെന്നും കോടതി നിർദേശിച്ചു.
അനധികൃത ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടോയെന്ന് ഹൈക്കോടതി ചോദിച്ചു. രാഷ്ട്രീയക്കാരുടെ മുഖം ബോർഡുകളിലില്ലാതായാൽ നിരത്തുകൾ മലീമസമാക്കുന്ന നടപടിയിൽ മാറ്റം വരുമെന്നും കോടതി നിരീക്ഷിച്ചു.
സർക്കാരിന്‍റെ ഭാഗമായിട്ടുളള ബോർഡുകൾ ഇത്തരത്തിൽ അനധികൃതമായി സ്ഥാപിക്കില്ലെന്ന് ഉത്തരവിറക്കാൻ കഴിയുമോയെന്ന് കോടതി ചോദിച്ചു. അനധിക്യത ഫ്ലക്സ് ബോർഡുകൾ നീക്കാൻ ധൈര്യം വേണമെന്ന് സർക്കാരിനോട് പറഞ്ഞ കോടതി കേസ് ബുധനാഴ്ച പരിഗണിക്കാൻ മാറ്റി.