കോൺഗ്രസിൽ പുനഃ സംഘടന നടത്തണോ വേണ്ടയോ എന്നതിൽ ഹൈക്കമാൻഡ് തീരുമാനം എടുത്തിട്ടില്ല; കെ മുരളീധരൻ
കോൺഗ്രസ് പുനഃ സംഘടനയുമായി ബന്ധപ്പെട്ട് എവിടെയും ഒരു ചർച്ചയും നിലവിൽ ആരംഭിച്ചിട്ടില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ. എല്ലാ ഘടകങ്ങളുമായും ചർച്ച ചെയ്തതിന് ശേഷം മാത്രമേ അത്തരം തീരുമാനങ്ങൾ എടുക്കൂ. അതിന്റെ പേരിൽ പരസ്യ പ്രസ്താവനകളോ വിവാദങ്ങളോ ആവശ്യമില്ലെന്ന വ്യക്തമായ നിർദ്ദേശം എഐസിസി നൽകിയിട്ടുണ്ട്. പാർട്ടിക്കകത്തെ പ്രശ്നങ്ങൾ തീർക്കാൻ ഒരു ഉന്നതാധികാര സമിതി ഉടൻ തന്നെ വിളിച്ചുചേർക്കും.യോഗത്തിൽ വെച്ചുതന്നെ എല്ലാ വിഷയങ്ങൾക്കും പരിഹാരമുണ്ടാകുമെന്നും കെ മുരളീധരൻ വ്യക്തമാക്കി.
പുനഃ സംഘടന നടന്നാൽ മാത്രമല്ലേ ആളുകളെ തഴഞ്ഞുവെന്നതിന് പ്രസക്തിയുളൂ, നടക്കാത്ത പുനഃസംഘടന എങ്ങിനെയാണ് ആളുകളെ തഴഞ്ഞുവെന്ന് പറയുക. അഥവാ പുനഃസംഘടന നടക്കുമ്പോൾ അത് എല്ലാവരുമായി കൂടിയാലോചിച്ച് ഒരു തീരുമാനം ഉണ്ടാകും, അതിനാണ് കെപിസിസി യോഗം ചേരുന്നത്. എവിടെ നിന്നാണ് ഇപ്പോൾ പുനഃ സംഘടന ചർച്ച ഉണ്ടായതെന്ന് തനിക്ക് അറിയില്ല. ആരാണ് ഇതിന്റെ പിന്നിലെന്ന് അറിയില്ല.ഇല്ലാത്ത ഒരു പുനഃസംഘടന എങ്ങിനെയാണ് വന്നത് ? ആരെങ്കിലും പടച്ചുവിടുന്നതാണോ എന്ന് സംശയമുണ്ട്.ഒരു ഫോറത്തിലും ആരെയും പേരുകൾ ചർച്ച ചെയ്തിട്ടില്ല കെ മുരളീധരൻ പറഞ്ഞു.
കോൺഗ്രസിന്റെ എം പിക്കെതിരെ നടക്കുന്ന പരസ്യ പ്രതിഷേധം അംഗീകരിക്കാന്‍ കഴിയില്ല. എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അത് ഡിസിസിയെ അറിയിക്കണമായിരുന്നു. നിയമനത്തിന്റെ മെരിറ്റിലേക്ക് കടക്കുന്നില്ല. വിഷയത്തില്‍ കെപിസിസി അധ്യക്ഷന്‍ ഉചിതമായ തീരുമാനമെടുക്കുമെന്നും പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ഏതെങ്കിലും പ്രത്യേക വിഭാഗത്തിന് പരിഗണന നല്‍കിയതായി അറിയില്ലെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.