‘കരിങ്ങാലി വെള്ളക്കുപ്പി കാണുമ്പോൾ ബിയറാണെന്ന് തോന്നുന്നവരുടെ മനോനില പരിശോധിക്കണം’; ചിന്ത ജെറോം
CPIM കൊല്ലം ജില്ലാ സമ്മേളനത്തിൽ ചില്ലുകുപ്പിയിൽ കുടിവെള്ളം വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലെ പ്രചാരണങ്ങൾക്കെതിരെ പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം ചിന്ത ജെറോം. കരിങ്ങാലി വെള്ളക്കുപ്പി കാണുമ്പോൾ ബിയറാണെന്ന് തോന്നുന്നവരുടെ മനോനില പരിശോധിക്കണമെന്നാണ് ഫേസ്ബുക്കിൽ ചിന്ത ജെറോമിന്റെ പ്രതികരണം.
സമ്മേളനവേദിയിൽ ചില്ലുകുപ്പിയിലെ കുടിവെള്ള വിതരണം ചർച്ചയായതോടെ, ഇത് മാറ്റി പ്ലാസ്റ്റിക് കുപ്പികളിൽ വെള്ളം എത്തിക്കുകയായിരുന്നു. ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചാണ് പ്ലാസ്റ്റിക് കുപ്പിവെള്ളം ഉപേക്ഷിച്ച് പുനരുപയോഗിക്കാൻ കഴിയുന്ന കുപ്പിയിൽ വെള്ളം വിതരണം ചെയ്തതെന്നും ചിന്താ ജെറോം പറഞ്ഞു.
ഇന്നലെയാണ് കൊല്ലം ജില്ലാ സമ്മേളനം ആരംഭിച്ചത്. ഇതിലാണ് അംഗങ്ങൾക്ക് ചില്ലുകുപ്പിയിൽ വെള്ളം നൽകിയത്. പിന്നാലെ കുപ്പിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലടക്കം പ്രചരിച്ചു. തുടർന്നാണ് പ്രതികരണവുമായി ചിന്ത രംഗത്തെത്തിയത്. സമൂഹമാധ്യമങ്ങളിലെ പ്രചരണങ്ങളെ തുടർന്ന് ചില്ലുക്കുപ്പി മാറ്റി പ്ലാസ്റ്റിക് കുപ്പിയിൽ വെള്ളം എത്തിക്കാൻ സംസ്ഥാന നേതൃത്വം നിർദേശം നൽകിയിരുന്നു.