ഉത്തർപ്രദേശിൽ 180 വർഷം പഴക്കമുള്ള നൂരി മസ്ജിദ് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകർത്തു
ഉത്തര്‍പ്രദേശില്‍ ഫത്തേപൂര്‍ ലാലൗലിയിലെ നൂരി ജുമാ മസ്ജിദ് ജില്ലാ ഭരണകൂടം പൊളിച്ചു നീക്കി. അനധികൃത നിര്‍മാണം ആരോപിച്ചാണ് നടപടി. 180 വർഷം പഴക്കമുള്ളതാണ് നൂരി മസ്ജിദ്. സംഭല്‍ സംഘര്‍ഷം നിലനില്‍ക്കെയാണ് യുപിയില്‍ മുസ്ലിം പള്ളിക്ക് നേരെ സര്‍ക്കാര്‍ ബുള്‍ഡോസര്‍ രാജ് നടപ്പിലാക്കിയത്.ദി ഹിന്ദുസ്ഥാൻ ടൈംസ് ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.
ഫത്തേപൂര്‍ ജില്ലയിലെ ലാ ലൗലി നൂരി ജുമാമസ്ജിദിന്റെ പ്രധാന ഭാഗങ്ങളെല്ലാം ജില്ലാ ഭരണകൂടം പൊളിച്ച് നീക്കി. മൂന്ന് വര്‍ഷത്തിനിടെ അനധികൃതമായി കയ്യേറിയ സ്ഥലത്താണ് പള്ളി നിര്‍മ്മിച്ചതെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വാദം. ഫത്തേപൂരിലെ ബഹ്‌റൈച്ച് – ബന്ദ റോഡ് വീതി കൂട്ടുന്നതിന്റെ ഭാഗമായാണ് പള്ളി പൊളിച്ചത്.
ജെസിബി ഉപയോഗിച്ച് വന്‍ പൊലീസ് സന്നാഹത്തോടെയാണ് ജില്ലാ ഭരണകൂടവും പിഡബ്ല്യുഡി അധികൃതരും പള്ളി പൊളിക്കാന്‍ എത്തിയത്. അതേസമയം അനധികൃത നിര്‍മാണം പരിശോധിക്കാനും നീക്കം ചെയ്യുന്നതിനും ആവശ്യമായ സമയം സര്‍ക്കാര്‍ അനുവദിച്ചില്ലെന്ന് പള്ളി കമ്മിറ്റി ഭാരവാഹികൾ ചൂണ്ടിക്കാട്ടി. സംഭലിന് പിന്നാലെ ഉത്തര്‍ പ്രദേശില്‍ മുസ്ലിം ആരാധനാലയങ്ങള്‍ക്കു മേലുള്ള ആക്രമണം ബിജെപി സര്‍ക്കാര്‍ തുടരുകയാണ് എന്ന് പ്രതിപക്ഷം ആരോപിച്ചു.