മാടായി കോളെജിലെ നിയമന വിവാദം; ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് എം കെ രാഘവന്‍
മാടായി കോളെജിലെ നിയമന വിവാദത്തില്‍ പ്രതികരണവുമായി എം കെ രാഘവന്‍ എം പി. അടിസ്ഥാന രഹിതമായ വസ്തുതകളില്ലാത്ത കാര്യങ്ങളെക്കുറിച്ചാണ് ചര്‍ച്ച നടക്കുന്നതെന്ന് എം കെ രാഘവന്‍ പറഞ്ഞു. എജ്യൂക്കേഷന്‍ സെന്റര്‍ രൂപീകരിച്ചത് 80 കളില്‍ ആയിരുന്നു. മൂന്ന് ഘട്ടങ്ങളായി താന്‍ പ്രസിഡണ്ടായിരുന്നു. പിന്നീട് സ്വയം അതില്‍ നിന്ന് മാറി. ആറുമാസം മുന്‍പാണ് വീണ്ടും സ്ഥാനത്തേക്ക് വരുന്നത് – അദ്ദേഹം ചൂണ്ടിക്കാട്ടി.
നാല് തസ്തികകകളിലും നിയമനം നടത്തിയത് കൃത്യമായാണെന്ന് എം കെ രാഘവന്‍ പറഞ്ഞു. ഇന്റര്‍വ്യൂ നടത്തിയത് താനല്ലെന്നും ജോയിന്റ് സെക്രട്ടറി തലത്തിലെ ഉദ്യോഗസ്ഥനാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഓഫീസ് അസിസ്റ്റന്റ് പോസ്റ്റിലേക്ക് 59 അപേക്ഷ വന്നു. അഭിമുഖത്തില്‍ 40 പേര്‍ പങ്കെടുത്തു. കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് പോസ്റ്റില്‍ 16 ആപ്ലിക്കേഷന്‍ വന്നു. അഭിമുഖത്തില്‍ വന്ന ത് 9 പേരാണ്. നാലു തസ്തികകളിലുമായി 83 അപേക്ഷകള്‍ കിട്ടി.
ഓഫീസ് അറ്റന്‍ഡന്റ് പോസ്റ്റില്‍ ഒരു ഒഴിവാണുള്ളത്. ഇത് ഭിന്നശേഷി സംവരണമാണ്. എട്ട് പേര്‍ അപേക്ഷിച്ചു. ഹാജരായത് ഏഴുപേരാണ്. ഭിന്നശേഷിക്കാരില്‍ ആദ്യ പരിഗണന നല്‍കേണ്ടിയിരുന്നത് അന്ധരായവര്‍ക്കാണ്. അങ്ങനെ ഒരാള്‍ ഉണ്ടായിരുന്നില്ല. മാനദണ്ഡം അനുസരിച്ചു രണ്ടാമത്തെ പരിഗണന കേള്‍വിക്കുറവ് ഉള്ളവര്‍ക്ക് നല്‍കണം. ഈ മാനദണ്ഡമാണ് പാലിച്ചത്. രാഷ്ട്രീയം നോക്കി നിയമനം നടത്താന്‍ കഴിയില്ല. ഈ ഓഫിസ് അറ്റന്റന്റ് പോസ്റ്റിലാണ് വിവാദമുണ്ടായിട്ടുള്ളത്. ഇദ്ദേഹത്തിന് ജോലി നല്‍കിയില്ലെങ്കില്‍ കോടതിയില്‍ പോയാല്‍ തിരിച്ചടിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാല് നിയമനങ്ങളും നടന്നത് എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണെന്നും അദ്ദേഹം വിശദമാക്കി.
ഇതിനെതിരെയാണ് തനിക്കെതിരെ വ്യക്തിപരമായി പ്രകടനം നടന്നത്. ഏഴാം തീയതി താന്‍ ഇന്റര്‍വ്യൂ ബോര്‍ഡില്‍ ഇരുന്നില്ല. തന്നെ വഴിക്ക് വെച്ച് തടഞ്ഞുനിര്‍ത്തി. ഇന്റര്‍വ്യൂ നടക്കുന്ന ബോര്‍ഡില്‍ കയറി പ്രശ്‌നമുണ്ടാക്കി . അവര്‍ക്കെതിരെയാണ് പാര്‍ട്ടി നടപടി സ്വീകരിച്ചത്‌ജോലി ലഭിക്കാത്ത എല്ലാ ആളുകളെയും ഇളക്കി വിട്ടിരിക്കുകയാണ്. ആളുകള്‍ ആരാണെന്ന് തനിക്കറിയാം അത് പിന്നീട് പറയാം. കോലം കത്തിച്ചതും കോണ്‍ഗ്രസുകാരാണ്. നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാന്‍ അവസരം ഉണ്ടാക്കിക്കൊടുത്തു. ഇത് കര്‍മ്മമായി കാണുകയാണ്. ഈ സ്ഥാപനത്തെ നശിപ്പിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. താന്‍ ഇന്നല്ലെങ്കില്‍ നാളെ ഒഴിഞ്ഞുപോകും. പക്ഷേ സ്ഥാപനം എന്നും ഉണ്ടാകും. മാനദണ്ഡപ്രകാരം നിയമന വ്യവസ്ഥ പ്രകാരം മാത്രമേ ജോലി നല്‍കാന്‍ കഴിയു. എനിക്ക് ഒറ്റയ്ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല. വ്യക്തിഹത്യ നടത്താനുള്ള ശ്രമമാണ് ഇതിനു പിന്നില്‍. എന്റെ കൈകള്‍ പരിശുദ്ധമാണ്. കരിവാരി തേയ്ച്ച് നശിപ്പിക്കാര്‍ ശ്രമിക്കുന്ന ഏത് ശ്രമവും അത് ജീവിക്കാനുള്ള കെല്‍പ് എനിക്കുണ്ട്. സഹകരണ സംഘം നിയമനം പോലെ ആണ് ഇത് എന്നാണ് ഡിസിസി പ്രസിഡണ്ട് കരുതിയിരിക്കുന്നത്. ഇതു മനസ്സിലാക്കാത്തതുകൊണ്ടാണ് ബോര്‍ഡ് മെമ്പര്‍മാരെ സസ്‌പെന്‍ഡ് ചെയ്തത്. ഇതു മനസ്സിലാക്കി തീരുമാനം അദ്ദേഹം തിരുത്തുമെന്നാണ് കരുതുന്നത്. ഡിസിസി പ്രസിഡന്റിന്റെ നടപടി ശരിയല്ല.അദ്ദേഹം ഇത് തിരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്ഥാപനം നശിപ്പിക്കരുത് – എംകെ രാഘവന്‍ വ്യക്തമാക്കി.