മാടായി കോളേജിലെ നിയമന വിവാദം; എം കെ രാഘവന്‍ എംപിക്കെതിരെ അതൃപ്തി അറിയിച്ച് കണ്ണൂര്‍ ഡിസിസി
മാടായി കോളേജിലെ നിയമന വിവാദത്തില്‍ എം കെ രാഘവന്‍ എംപിക്കെതിരെ അതൃപ്തി അറിയിച്ച് കണ്ണൂര്‍ ഡിസിസി. നിയമനത്തില്‍ വീഴ്ച സംഭവിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് കെപിസിസി നേതൃത്വത്തെ അതൃപ്തി അറിയിച്ചത്. കോഴ വാങ്ങി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ നിയമിച്ചുവെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആരോപണം. മാടായി കോളേജിലെ നിയമന വിവാദം കോണ്‍ഗ്രസിനകത്ത് ഒരു ആഭ്യന്തര പ്രശ്‌നമായി പരിണമിക്കുകയാണ്. കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള മാടായി കോളേജിലെ നാല് നിയമനങ്ങള്‍ക്കെതിരെയാണ് തര്‍ക്കം രൂപപ്പെട്ടത്. അവിടുത്തെ പ്രാദേശിക ഘടകം തെരുവിലേക്ക് പ്രതിഷേധവുമായി രംഗത്തിറങ്ങി.
രണ്ട് ഡിവൈഎഫ്‌ഐക്കാര്‍ക്ക് നിയമനം ലഭിച്ചു, കോഴ വാങ്ങി തുടങ്ങിയ ആരോപണങ്ങളാണ് കോളേജിന്റെ ഭരണ സമിതി ചെര്‍മാനായ എം കെ രാഘവന്‍ എം പിക്കെതിരെ പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. പയ്യന്നൂര്‍ എഡ്യൂക്കേഷന്‍ സൊസൈറ്റിയുടെ നിയന്ത്രണത്തിലാണ് മാടായി കോളേജ് പ്രവര്‍ത്തിക്കുന്നത്.
സിപിഎം പ്രവര്‍ത്തകന്‍ മാടായി കോളേജില്‍ ജോലിയെടുത്തതിലാണ് പ്രതിഷേധിക്കുന്നതെന്നും എം കെ രാഘവന്‍ എം പി കോഴ വാങ്ങി നടത്തിയ നിയമനമാണിതെന്നും പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. പാര്‍ട്ടിയെ വിറ്റ് കോഴ വാങ്ങി ജീവിക്കുന്നവര്‍ക്കെതിരെ സന്ധിയില്ലാത്ത സമരം തങ്ങള്‍ നടത്തുമെന്നും പ്രവര്‍ത്തകര്‍ ഇന്നലെ പറഞ്ഞു.
അഭിമുഖ ദിനത്തില്‍ എം കെ രാഘവനെ തടഞ്ഞ 5 കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കഴിഞ്ഞ ദിവസം ഡി സി സി സസ്പെന്‍ഡ് ചെയ്തിരുന്നു. പിന്നാലെ പ്രതിഷേധം അണപൊട്ടി. നിയമനം പുന:പരിശോധിക്കുമെന്ന ഡി സി സി നേതൃത്വത്തിന്റെ ഉറപ്പ് പാഴ്വാക്കായി.ഇതോടെ എം കെ രാഘവനെതിരെ പരസ്യ കലാപവുമായി പ്രവര്‍ത്തകര്‍. രാഘവന്‍ ഒറ്റുകാരനെന്ന് മുദ്രാവാക്യം.
മാടായി കോളേജ്‌നിയന്ത്രിക്കുന്ന സൊസൈറ്റിയിലെ 5 ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളെ ഡിസിസി, പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. ഫലത്തില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി വ്യക്തമാക്കിയത് എം കെ രാഘവനെതിരായ നിലപാട്. എന്നാല്‍ പ്രവര്‍ത്തക രോഷം തണുപ്പിക്കാനായിട്ടില്ല. എം കെ രാഘവനെതിരായ വികാരം ഡി സി സി കെ പി സി സി നേതൃത്വത്തെ അറിയിക്കുമെന്നാണ് സൂചന.