KeralaTop News

ശബരിമലയില്‍ ദിലീപിന്റെ VIP ദര്‍ശനം: ഒരു സഹായവും ചെയ്തിട്ടില്ലെന്ന് പൊലീസ്; മുന്‍ നിരയില്‍ അവസരമൊരുക്കിയത് ദേവസ്വം ഗാര്‍ഡുകളെന്നും റിപ്പോര്‍ട്ട്

Spread the love

ശബരിമലയില്‍ നടന്‍ ദിലീപിന്റെയും സംഘത്തിന്റെയും വിഐപി ദര്‍ശനത്തില്‍ പൊലീസ് ഒരു സഹായവും ചെയ്തിട്ടില്ലെന്ന് സ്‌പെഷ്യല്‍ ഓഫീസറുടെ റിപ്പോര്‍ട്ട്. ദേവസ്വം ഗാര്‍ഡുകളാണ് ദിലീപിന് മുന്‍ നിരയില്‍ അവസരമൊരുക്കിയതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ശബരിമല സ്‌പെഷ്യല്‍ പൊലിസ് ഓഫീസര്‍ ഹൈക്കോടതിയില്‍ ഇതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് നല്‍കി. ദിലീപിന്‍രെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട കേസ് ഇന്ന് ഹൈക്കോടതിയുടെ പരിഗണയില്‍ വരാനിരിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് പൊലീസ് റിപ്പോര്‍ട്ട്.

വിജിലന്‍സ് വിഭാഗം അന്വേഷണം നടത്തുന്നുണ്ട് എന്നും ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കോടതി റിപ്പോര്‍ട്ട് സ്വീകരിച്ച് തുടര്‍ നടപടികള്‍ തീരുമാനിക്കും.

അതേസമയം, ദിലീപും സംഘവും വിഐപി പരിഗണനയില്‍ ശബരിമല ദര്‍ശനം നടത്തിയതില്‍ സ്വമേധയാ സ്വീകരിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹര്‍ജിയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വിശദമായ സത്യവാങ്മൂലം നല്‍കും. ശബരിമല സ്പെഷല്‍ കമ്മിഷണറും വിശദമായ റിപ്പോര്‍ട്ട് നല്‍കും. ദേവസ്വം അസിസ്റ്റന്റ് എക്സിക്യൂട്ടിവ് ഓഫീസര്‍ ഉള്‍പ്പടെ നാല് പേര്‍ക്കെതിരെ നടപടിയെടുത്തതായി എക്സിക്യൂട്ടിവ് ഓഫീസര്‍ ഹൈക്കോടതിയെ അറിയിക്കും. ദേവസ്വം ബോര്‍ഡിനെതിരെ ഹൈക്കോടതി രൂക്ഷ വിമര്‍ശനമുന്നയിച്ച സാഹചര്യത്തിലാണ് നടപടി. നടന്‍ ദിലീപിനൊപ്പം കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ കൂട്ടുപ്രതി ശരത്തും ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയുമാണ് വിഐപി ദര്‍ശനം നേടിയത്. ഇതിലാണ് ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസറും ശബരിമല സ്പെഷല്‍ കമ്മിഷണറും വിശദീകരണം നല്‍കുന്നത്. സന്നിധാനത്ത് ഹരിവരാസനം പാടുന്ന സമയത്ത് പത്ത് മിനുട്ടിലേറെ മുന്‍നിരയില്‍ നിന്നാണ് ദിലീപും വിവാദ സംഘാംഗങ്ങളും ദര്‍ശനം തേടിയത്. ഇത് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്ന മറ്റ് ഭക്തര്‍ക്ക് ദര്‍ശനത്തിന് തടസം സൃഷ്ടിച്ചുവെന്നാണ് സ്വമേധയാ സ്വീകരിച്ച ഹര്‍ജിയുടെ അടിസ്ഥാനം.