KeralaTop News

സിപിഐഎം കൊല്ലം ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കം; എം എ ബേബി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും

Spread the love

പാര്‍ട്ടിയും സര്‍ക്കാരും വിവാദങ്ങളില്‍ മുങ്ങിനില്‍ക്കെ സിപിഐഎം ജില്ലാ സമ്മേളനങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. വിഭാഗീയതയുടെ പേരില്‍ ഏരിയാ കമ്മിറ്റി അടക്കം പിരിച്ചുവിട്ട കൊല്ലത്താണ് ആദ്യ സമ്മേളനം. രണ്ടാം പിണറായി സര്‍ക്കാരിന്റെ ഭരണപരമായ വീഴ്ചകളും പാര്‍ട്ടി നിലപാടുകളും സമ്മേളനങ്ങളില്‍ സജീവ ചര്‍ച്ചയായേക്കും.

ഇന്ന് മുതല്‍ ഡിസംബര്‍ 12 വരെ കൊട്ടിയം മയ്യനാട് ധവളക്കുഴിയിലെ കോടിയേരി ബാലകൃഷ്ണന്‍ നഗറിലാണ് കൊല്ലം ജില്ലാ സമ്മേളനം. പിബി അംഗം എം.എ ബേബി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍, കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ജില്ലാ സമ്മേളനത്തില്‍ 450 പ്രതിനിധികള്‍ ഉണ്ട്. എന്നാല്‍ ഇതില്‍ കരുനാഗപ്പള്ളിയില്‍ നിന്നുള്ള പ്രതിനിധികള്‍ ഇല്ല. സമ്മേളനം കയ്യാങ്കളിയില്‍ കലാശിച്ച കുരുനാഗപ്പള്ളിയില്‍ ഏരിയ കമ്മിറ്റി പിരിച്ചുവിട്ടിരുന്നു. ഏഴ് അംഗ അഡ്‌ഹോക്ക് കമ്മിറ്റിയാണ് നിലവില്‍ ഏരിയ കമ്മിറ്റിയുടെ ചുമതല വഹിക്കുന്നത്.

വിഭാഗീയതയുടെ കാലം കഴിഞ്ഞെന്ന ആത്മവിശ്വാസവുമായാണ് ഇത്തവണ സിപിഎം സംഘടനാ സമ്മേളനങ്ങളിലേക്ക് കടന്നത്. എന്നാല്‍ ഏരിയാ സമ്മേളനത്തിലേക്ക് കാര്യങ്ങളെത്തിയപ്പോള്‍ പൊട്ടിത്തെറികളായി. സംസ്ഥാന സമ്മേളനത്തിന് വേദിയാകേണ്ട കൊല്ലത്താണ് വിഭാഗീയത തെരുവിലെത്തിയത്. ഒടുവില്‍ സംസ്ഥാന സെക്രട്ടറി തന്നെ നേരിട്ടെത്തിയാണ് കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി പിരിച്ച് വിട്ട് അഡ്‌ഹോക്ക് കമ്മിറ്റിയെ വെച്ചത്. സംസ്ഥാന സമ്മേളനത്തിന് വേദിയാകേണ്ട കൊല്ലത്ത് തന്നെ ഇത്തരം പൊട്ടിത്തെറിയുണ്ടായത് നേതൃത്വത്തെ ഞെട്ടിച്ചു.

പൊലീസ് വകുപ്പ് അടക്കം സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ സൂക്ഷ്മ പരിശോധന ജില്ലാ സമ്മേളന ചര്‍ച്ചകളില്‍ നടന്നേക്കും. മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായി ഉയര്‍ന്ന ആക്ഷേപങ്ങളും പിവി അന്‍വറും പി ശശിയും മുതല്‍ പിപി ദിവ്യ വരെ ഉള്‍പ്പെട്ട വിവാദങ്ങളും ചര്‍ച്ചയാകുമോയെന്ന് കണ്ടറിയണം. ലോക്‌സഭാ തെരഞ്ഞെടുപ്പ് തോല്‍വിയും ഉപതെരഞ്ഞെടുപ്പ് വിലയിരുത്തലും ചര്‍ച്ചയാകുന്ന സമ്മേളനങ്ങള്‍ മൂന്നാം തുടര്‍ ഭരണം ലക്ഷ്യമിടുന്ന സിപിഎമ്മിന് സംഘടനാ തലത്തിലും നിര്‍ണ്ണായകമാണ്. മാര്‍ച്ച് ആദ്യ വാരം കൊല്ലത്താണ് സംസ്ഥാന സമ്മേളനം.