സമസ്ത -ലീഗ് സമവായ ചര്‍ച്ച മാറ്റിവച്ചു; തീരുമാനം സമസ്തയിലെ ലീഗ് വിരുദ്ധപക്ഷം വിട്ടുനിന്നതോടെ
സമസ്ത -ലീഗ് സമവായ ചര്‍ച്ച മാറ്റിവച്ചു. സമസ്തയിലെ ലീഗ് വിരുദ്ധപക്ഷം വിട്ടുനിന്നതോടെയാണ് ചര്‍ച്ച മാറ്റിയത്. സമസ്തയില്‍ രണ്ട് വിഭാഗങ്ങള്‍ ഇല്ലെന്ന് സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ വ്യക്തമാക്കി. അഭിപ്രായ വ്യത്യാസമുണ്ടെന്നും അത് പറഞ്ഞ് തീര്‍ക്കുമെന്നും ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങളും പറഞ്ഞു.
കുറച്ച് പേര് അസൗകര്യം അറിയിച്ചതിനെ തുടര്‍ന്നാണ് ചര്‍ച്ച മാറ്റിവെച്ചതെന്ന് ജിഫ്രി മുത്തു കോയ തങ്ങള്‍ പറഞ്ഞു. അത് സ്വാഭാവികമാണെന്നും അദ്ദേഹം വ്യക്തമാക്കി.മുശാവറ യോഗത്തിന് മുന്‍പ് ഇനി ചര്‍ച്ച ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പരാതികള്‍ തെറ്റിദ്ധാരണയില്‍ നിന്ന് വന്നതെന്നും അദ്ദേഹം പറഞ്ഞു. ചിലര്‍ വന്നു അവരുടെ പരാതി കേട്ടുവെന്നും അദ്ദേഹം വ്യക്തമാക്കി.
സംഘടനയില്‍ അഭിപ്രായ വ്യത്യാസമുണ്ടെന്ന് എല്ലാവര്ക്കും അറിയാമെന്നും ഇതിനെല്ലാം കൂടിയിരുന്നു പരിഹാരമുണ്ടാക്കുമെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. എല്ലാവരെയും വിളിച്ചിരുന്നു. ഇതില്‍ വിമത വിഭാഗവും ഔദ്യോഗിക വിഭാഗവും ഇല്ല. എല്ലാവരും ഔദ്യോഗിക വിഭാഗമാണ്. പ്രശ്നങ്ങള്‍ സമ്പൂര്‍ണമായി പരിഹരിച്ച് മുന്നോട്ടുകൊണ്ടുപോകണമെന്നും തങ്ങള്‍ പറഞ്ഞു.
മുനമ്പം വിഷയത്തില്‍ സമസ്ത അടക്കമുള്ള മുസ്ലീം സംഘടനകള്‍ ഒക്കെ യോഗം ചേര്‍ന്നുവെന്നും വിഷയത്തില്‍ തീരുമാനം സര്‍ക്കാരാണ് എടുക്കേണ്ടതെന്നാണ് ഈ സംഘടനകള്‍ ഒക്കെ വ്യക്തമാക്കിയതെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. മുനമ്പത്ത് ആരെയും കുടിയൊഴിപ്പിക്കുന്നതില്‍ മുസ്ലീം സംഘടനകള്‍ക്ക് യോജിപ്പില്ലെന്നും സര്‍ക്കാര്‍ ഇടപെട്ടുകൊണ്ട് തന്നെ പ്രശ്നം തീര്‍ക്കണമെന്നുമാണ് വ്യക്തമാക്കിയതെന്നും അദ്ദേഹം പറഞ്ഞു. സാമൂഹ്യ ഐക്യത്തിനാണ് മുന്‍ കൈയെന്നും മറ്റൊരു പ്രസംഗവും ലീഗിന്റെ അക്കൗണ്ടില്‍ കൂട്ടണ്ടെന്നും അദ്ദേഹം പറഞ്ഞു.
സമസ്തയിലെ ലീഗ് അനുകൂല – വിരുദ്ധ വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കുക, സമസ്ത- ലീഗ് ഭിന്നത അവസാനിപ്പിക്കുക എന്നിവയായിരുന്നു ഇന്ന് വിളിച്ച ചര്‍ച്ചയുടെ ലക്ഷ്യം. സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സാദിഖ് അലി ഷിഹാബ് തങ്ങള്‍, പികെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവര്‍ പങ്കെടുത്തു.