NationalTop News

‘ദീര്‍ഘായുസിനും ആരോഗ്യത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുന്നു’; സോണിയാ ഗാന്ധിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി

Spread the love

78-ാം ജന്മദിനമാഘോഷിക്കുന്ന സോണിയ ഗാന്ധിക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എക്സിലൂടെയാണ് മോദി സോണിയാ ഗാന്ധിക്ക് ആശംസകള്‍ അറിയിച്ചിരിക്കുന്നത്. “ശ്രീമതി സോണിയാ ഗാന്ധിക്ക് ജന്മദിനാശംസകള്‍. അവരുടെ ദീർഘായുസിനും ആയുരാരോഗ്യ സൗഖ്യത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു” എന്നാണ് പ്രധാനമന്ത്രി എക്സില്‍ കുറിച്ചിരിക്കുന്നത്.

അതേസമയം ഇറ്റലിയിലെ സാധാരണ കുടുംബത്തിൽ ജനിച്ച്, ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഭാഗമായി മാറിയ സോണിയാ ഗാന്ധിയുടെ ജീവിതം വഴിത്തിരിവുകളിലൂടെയാണ് കടന്നുപോയത്.ഇറ്റലിയിലെ വുസെൻസാ നഗരത്തിൽ കെട്ടിട നിർമ്മാണ കരാറുകാരനായ സ്റ്റെഫാനോയുടേയും പൗള മൈനോയുടേയും മൂന്നുമക്കളിൽ മൂത്തവളായ സോണിയ മൈനോ, ഇന്ത്യൻ രാഷ്ട്രീയത്തിലെ ശ്രദ്ധേയ സാന്നിധ്യമായത് യാദൃച്ഛികതകളിലൂടെയാണ്. കേംബ്രിഡ്ജിൽ യൂണിവേഴ്സിറ്റിയിൽ പഠനത്തിന് എത്തിയ സോണിയ, നെഹ്രു കുടുംബത്തിലെ പിന്മുറക്കാരനായ രാജീവ് ഗാന്ധിയെ കണ്ടുമുട്ടിയതോടെ ജീവിതം മാറിമറിയുകയായിരുന്നു.

പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി 1984ൽ കൊല്ലപ്പെട്ടതോടെ പിൻഗാമിയായി രാജീവ് ഗാന്ധിയെ എത്തിയതോടെ സോണിയയും ഇന്ത്യൻ രാഷ്ട്രീയത്തിന്റെ മുൻനിരയിലേക്ക് നയിക്കപ്പെടുകയായിരുന്നു. ഏഴു വർഷത്തിനുശേഷം രാജീവ് ഗാന്ധിയുടെ വധത്തോടെ കോൺഗ്രസിന്റെ
നേതൃത്വം ഏറ്റെടുക്കാൻ സോണിയയുടെ മേൽ സമ്മർദ്ദമുണ്ടായിട്ടും അവർ തയ്യാറായില്ല. എന്നാൽ കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തിൽ 1998ൽ പാർട്ടി അധ്യക്ഷയാകാൻ തയാറായി. 2004-ലും 2009-ലും നടന്ന തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന്റെ വിജയത്തിലും സോണിയ ഗാന്ധി നിർണായക പങ്കുവഹിച്ചു.

2007-ലും 2010-ലും 2013-ലും ഫോബ്‌സ് മാസികയുടെ പട്ടികയിൽ സോണിയ ഇടംതേടി. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ മുൻ അധ്യക്ഷ, നെഹ്രു കുടുംബത്തിലെ തലമുതിർന്ന അംഗം, മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഭാര്യ, കോൺഗ്രസിന്റെ അധ്യക്ഷസ്ഥാനം ഏറ്റവുമധികം കാലം വഹിച്ച വ്യക്തി തുടങ്ങി നിരവധി വിശേഷണങ്ങളാണ് സോണിയാ ഗാന്ധിക്കുള്ളത്. രാജ്യസഭാ അംഗം എന്ന നിലയിൽ ഇന്നും സജീവമാണ് സോണിയാ ഗാന്ധി.