ആശുപത്രിയിലെ പ്രശ്നങ്ങൾ മകൾ മുൻപും അറിയിച്ചിരുന്നു, കുറച്ചു ദിവസം കൂടി പിടിച്ചു നിൽക്കാൻ പറഞ്ഞതാണ്; മൻസൂർ ആശുപത്രിയ്‌ക്കെതിരെ പെൺകുട്ടിയുടെ അമ്മ
ഹോസ്റ്റൽ വാർഡൻ മകളോട് മോശമായിട്ടാണ് പെരുമാറിയിരുന്നതെന്ന് കാസർഗോഡ് കാഞ്ഞങ്ങാട് മൻസൂർ ആശുപത്രിയിൽ ആത്മഹത്യക്ക് ശ്രമിച്ച നഴ്സിംഗ് വിദ്യാർത്ഥിനി ചൈതന്യയുടെ അമ്മ ഓമന സദൻ. ആശുപത്രിയിലെ പ്രശ്നങ്ങൾ മകൾ മുൻപും തന്നോട് പറഞ്ഞിരുന്നു, കുറച്ചു ദിവസം കൂടി പിടിച്ചു നിൽക്കാൻ പറഞ്ഞിരുന്നതാണ് അവസാനമായി മകളോട് ഒരുവാക്ക് പ്പോലും തനിക്ക് സംസാരിക്കാൻ സാധിച്ചില്ലെന്നും ചൈതന്യയുടെ അമ്മ ട്വന്റി ഫോറിനോട് വ്യക്തമാക്കി. ചൈത്യയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്. ചികിത്സയ്ക്കിടെ കുട്ടിയ്ക്ക് പനി കൂടി ബാധിച്ചിരിക്കുകയാണ് ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുണ്ടെന്നും അമ്മ പറഞ്ഞു. മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള പെൺകുട്ടി വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്.
അതേസമയം, ഇന്ന് ഹോസ്ദുർഗ് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളുമായി വീണ്ടും ചർച്ച നടത്താനിരിക്കുകയാണ്. പെൺകുട്ടിയുടെ ആത്മത്യാശ്രമത്തിൽ ആശുപത്രിക്കെതിരെ എസ്എഫ്ഐ നടത്തിയ പ്രതിഷേധമാർച്ചിൽ പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. സംഭവം നടന്ന് മണിക്കൂറുകൾ കഴിഞ്ഞിട്ടും ഒരു എഫ്‌ഐആർ പോലും രജിസ്റ്റർ ചെയ്തിട്ടെല്ലെന്നും സമാധാനപരമായി പ്രതിഷേധിച്ച തങ്ങളെ അടിച്ചമർത്താൻ ശ്രമിക്കുകയാണെന്നും എസ്എഫ്ഐ പ്രവർത്തകർ ആരോപിച്ചു.
സംഭവത്തിൽ ഇന്നലെ പൊലീസ് നടത്തിയ ചർച്ചയെ തുടർന്ന് വിദ്യാർത്ഥി പ്രതിഷേധം താൽക്കാലികമായി അവസാനിപ്പിച്ചിരുന്നു. ആശുപത്രി മാനേജ്മെന്റും, ഹോസ്റ്റൽ വാർഡനും മോശമായി പെരുമാറിയത് കൊണ്ടാണ് ചൈതന്യ ആത്മഹത്യക്ക് ശ്രമിച്ചത് എന്നാണ് വിദ്യാർത്ഥികളുടെ ആരോപണം. മുൻപും ആശുപത്രിയിൽ സമാന സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് വിദ്യാർത്ഥികൾ ആരോപിക്കുന്നുണ്ട്.