Top NewsWorld

സിറിയയിലെ ഇറാൻ എംബസിക്ക് നേരെ ആക്രമണം; വിമതർ ഇരച്ചുകയറി; രാജ്യത്തെ അഭിസംബോധന ചെയ്ത് അബു മുഹമ്മദ് അൽ-ജുലാനി

Spread the love

സിറിയയിലെ ഇറാൻ എംബസിക്ക് നേരെ വിമതരുടെ ആക്രമണം. എംബസിയിലേക്ക് ഇരച്ചുകയറിയ വിമതർ ഫയലുകളും രേഖകളും നശിപ്പിച്ചു. അതിനിടെ രാജ്യത്തെ സിറിയൻ വിമത നേതാവ് അബു മുഹമ്മദ് അൽ-ജുലാനി അഭിസംബോധന ചെയ്തു. ഉമയ്യദ് മോസ്കിലായിരുന്നു അഭിസംബോധന.

സിറിയയുടെ യഥാർത്ഥ അവകാശികൾ തങ്ങളെന്ന് അബു മുഹമ്മദ് അൽ-ജുലാനി പറഞ്ഞു. ബാഷർ അൽ അസാദിനെ പുറത്താക്കിയത് സിറിയൻ ജനതയുടെ വിജയമെന്നും അൽ -ജുലാനി പറഞ്ഞു. അതേസമയം രാജ്യം വിട്ട പ്രസിഡന്റ് ബഷാർ അൽ അസദിനെപ്പറ്റി സൂചനകളില്ല. പ്രസിഡന്റിന്റെ കൊട്ടാരം വിമതർ കൊള്ളയടിക്കുന്നതിന്റെയും പ്രസിഡന്റിന്റെ പ്രതിമ തകർക്കുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. അസദ് രാജ്യം വിട്ട വിമാനം വെടിവച്ചിട്ടതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

ഭരണസ്ഥാപനങ്ങൾ ഔദ്യോഗികമായി കൈമാറുന്നതുവരെ സിറിയയുടെ ഭരണം അൽ അസദിന്റെ പ്രധാനമന്ത്രിയുടെ മേൽനോട്ടത്തിലായിരിക്കുമെന്ന് എച്ച് ടി എസ് കമാൻഡർ അബു മുഹമ്മദ് അൽ ജുലാനി അറിയിച്ചു. സിറിയയിലേത് അപകടകരമായ സംഭവവികാസമാണെന്ന് ഖത്തർ, സൗദി അറേബ്യ, ജോർദാൻ, ഈജിപ്ത്, ഇറാഖ്, തുർക്കി, റഷ്യ തുടങ്ങിയ രാജ്യങ്ങൾ സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി. അസദിന്റെ പലായനത്തെ തുടർന്ന് ദമാസ്‌കസിലും രാജ്യത്തിന്റെ മറ്റിടങ്ങളിലും ആഘോഷങ്ങൾ ആരംഭിച്ചു.

13 വർഷം നീണ്ട ആഭ്യന്തരയുദ്ധത്തിനുശേഷമാണ് അൽ അസദ് കുടുംബത്തിന്റെ 53 വർഷം നീണ്ട ഭരണത്തിന് സിറിയയിൽ അന്ത്യമായത്. അറബ് വസന്തത്തെ തുടർന്ന്, സിറിയയിൽ 2011 മാർച്ചിലാണ് പ്രസിഡന്റ് ബാഷർ അൽ അസദിന്റെ രാജിയ്ക്കായുള്ള പ്രതിഷേധങ്ങൾക്ക് തുടക്കമായത്.