KeralaTop News

‘ടീകോമിന് നഷ്ടപരിഹാരം നല്‍കുന്നുവെന്നത് തെറ്റായ ചിത്രീകരണം; മടക്കി നല്‍കുന്നത് ഓഹരി മൂല്യം’; മുഖ്യമന്ത്രി

Spread the love

സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ നിന്ന് പിന്മാറുന്നതിന് ടീകോമിന് നഷ്ടപരിഹാരം നല്‍കുന്നുവെന്നത് തെറ്റായ ചിത്രീകരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭൂമിയ്ക്കും മറ്റുമായി ചെലവാക്കിയ ഓഹരി മൂല്യമാണ് സ്വതന്ത്ര വിലയിരുത്തലിലൂടെ മടക്കി നല്‍കുന്നതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. കാലതാമസം വരുമെന്നത് കൊണ്ടാണ് ആര്‍ബിട്രേഷന് പോകാത്തത്. പദ്ധതിയുടെ ഭൂമി ആര്‍ക്കും പതിച്ചുകൊടുക്കില്ലെന്നും മുഖ്യമന്ത്രി .

സ്മാര്‍ട്ട് സിറ്റി പദ്ധതി ഉപേക്ഷിക്കാനുളള മന്ത്രിസഭാ തീരുമാനത്തിന് ശേഷം ഇത് ആദ്യമായാണ് മുഖ്യമന്ത്രിയുടെ പ്രതികരണം വരുന്നത്. പദ്ധതിയില്‍ നിന്ന് പിന്മാറുന്ന ടീകോമിന് നഷ്ടപരിഹാരം നല്‍കുന്നുവെന്ന വിമര്‍ശനമാണ് മുഖ്യമന്ത്രി നിഷേധിച്ചിരിക്കുന്നത്. പദ്ധതിയുടെ ഭൂമി സ്വകാര്യ കമ്പനികള്‍ക്ക് കൈമാറാനുളള നീക്കമാണെന്ന പ്രതിപക്ഷ വിമര്‍ശനവും മുഖ്യമന്ത്രി തളളിക്കളഞ്ഞു.

പദ്ധതിയില്‍ നിന്ന് ടീകോം പിന്മാറുന്നതിനുളള കാരണമെന്തെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയില്ല. ടീകോം മുന്‍ സിഇഒ ബാജു ജോര്‍ജിനെ നഷ്ടപരിഹാരം വിലയിരുത്തുന്നതിനുളള സമിതിയില്‍ അംഗമാക്കിയതിനെപ്പറ്റിയും മുഖ്യമന്ത്രി പ്രതികരിച്ചില്ല

വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ കാര്യത്തിലും കേരളത്തോട് കേന്ദ്രത്തിന് അവഗണനയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കുറ്റപ്പെടുത്തി. ഒറ്റത്തവണ ഗ്രാന്‍ഡ് ആയി നല്‍കുന്ന വിജിഎഫ് തിരിച്ചടക്കണമെന്നത് കേന്ദ്രത്തിന്റെ തന്നെ നയത്തിന് വിരുദ്ധമാണ്. സംസ്ഥാനത്തിനുമേല്‍ അധികഭാരം അടിച്ചേല്‍പ്പിക്കാനാണ് ശ്രമമെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു.