IAS ഉദ്യോഗസ്ഥരെ അപമാനിച്ചു; സർക്കാർ പരസ്യം പങ്കുവെച്ചതടക്കം കുറ്റം’;എൻ.പ്രശാന്തിനെതിരെയുള്ള ചാർജ് മെമ്മോയിൽ വിചിത്ര വാദങ്ങൾ
എൻ.പ്രശാന്തിനെതിരായ ചീഫ് സെക്രട്ടറിയുടെ ചാർജ് മെമ്മോയിൽ വിചിത്ര വാദങ്ങൾ. എ.ജയതിലകിനേയും കെ.ഗോപാലകൃഷ്ണനേയും വിമർശിച്ചതിലൂടെ ഐഎഎസ് ഉദ്യോഗസ്ഥരെയാകെ അപമാനിച്ചന്ന് ചാർജ് മെമ്മോയിൽ പറയുന്നു. സർക്കാർ പരസ്യം പങ്കുവെച്ചതടക്കം കുറ്റമാണെന്നും മെമ്മോയിൽ പരാമർശിക്കുന്നു.
കൃഷി വകുപ്പിന്റെ കാംകോ വീഡർ പരസ്യം പങ്ക് വെച്ചത് ഐഎഎസ് ഉദ്യോഗസ്ഥരെ അപമാനിക്കാൻ എന്ന് പരാമർശം. ഐഎഎസ് ഉദ്യോഗസ്ഥരെ വിമർശിക്കുക വഴി സർക്കാർ നയങ്ങളെ അപമാനിച്ചുവെന്ന് കുറ്റം ചുമത്തൽ. ഫേസ്ബുക്ക് പോസ്റ്റിലെ കമന്റ് ഉൾപ്പടെ ചേർത്താണ് മെമ്മോ നൽകിയത്.
മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ എ. ജയതിലകിനെ സാമൂഹിക മാധ്യമക്കുറിപ്പുകളിലൂടെ അവഹേളിച്ചതിനാണ് പ്രശാന്തിനെ സസ്‌പെൻഡ് ചെയ്തത്. ഫയിലിൽ സ്വതന്ത്രമായി അഭിപ്രായം എഴുതിയതിനാലാണ് തന്നെ ക്രൂശിക്കുന്നതെന്നും, തന്റെ ഫയൽനോട്ടുകൾ ചിലർ ഭയക്കുന്നുവെന്നും എൻ പ്രശാന്ത് സോഷ്യൽ മീഡിയയിൽ വ്യക്തമാക്കിയിരുന്നു. ജയതിലകിന്റെ തെറ്റായ സമീപനങ്ങളെയാണ് ചൂണ്ടിക്കാണിച്ചതെന്നായിരുന്നു എൻ പ്രശാന്തിന്റെ നിലപാട്.