MoviesTop News

ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്ത് പുഷ്പ 2 ദ റൂൾ; 4 ദിവസം കൊണ്ട് നേടിയത് 1000 കോടി

Spread the love

തെന്നിന്ത്യൻ സൂപ്പർ താരം അല്ലു അർജുൻ നായകനായെത്തിയ ‘പുഷ്പ 2 ദ റൂൾ’ ബോക്സ് ഓഫീസിൽ വമ്പൻ റെക്കോർഡുകൾ സൃഷ്ടിക്കുകയാണ്. റിലീസ് ചെയ്‌ത്‌ നാല് ദിവസം കൊണ്ട് ചിത്രം ആഗോള തലത്തിൽ 1000 കോടി രൂപയുടെ കളക്ഷൻ നേടിയതായി റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. ഇതോടെ ഇന്ത്യൻ സിനിമയിലെ ബോക്സ് ഓഫീസ് റെക്കോർഡുകൾ പുതുക്കി എഴുതപ്പെടുകയാണ്.

രണ്ട് ദിവസം കൊണ്ട് തന്നെ 400 കോടി കടന്ന ‘പുഷ്പ 2’, തുടർന്നുള്ള ദിവസങ്ങളിലും അതിവേഗം കളക്ഷൻ നേടിക്കൊണ്ടിരുന്നു. പുഷ്പയുടെ തെലുങ്ക് പതിപ്പിനേക്കാൾ ഹിന്ദി പതിപ്പാണ് കൂടുതൽ കളക്ഷൻ നേടിയിരിക്കുന്നത്. രണ്ടാം ദിനത്തിൽ തെലുങ്ക് പതിപ്പ് 27.1 കോടി നേടിയപ്പോൾ ഹിന്ദി പതിപ്പ് 55 കോടി നേടി. ഇതോടെ ഹിന്ദി പതിപ്പ് മാത്രം നാല് ദിവസങ്ങളിലായി നേടിയത് 125.3 കോടിയാണ്. തെലുങ്ക് പതിപ്പാകട്ടെ 118.05 കോടിയും കളക്ട് ചെയ്തിട്ടുണ്ട്. ഇവയ്ക്ക് പുറമെ തമിഴിലും സിനിമയ്ക്ക് നല്ല സ്വീകാര്യത ലഭിക്കുന്നുണ്ട്.

ലോകമെമ്പാടുമുള്ള 12,500-ലധികം സ്‌ക്രീനുകളിൽ പ്രദർശിപ്പിച്ച ചിത്രം, തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, കന്നഡ, ബംഗാളി ഭാഷകളിലാണ് പ്രദർശനത്തിനെത്തിയത്. അല്ലു അർജുൻ, രശ്മിക മന്ദാന, ഫഹദ് ഫാസിൽ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ‘പുഷ്പ’യുടെ ആദ്യ ഭാഗം ആഗോള തലത്തിൽ 350 കോടി രൂപയുടെ കളക്ഷനാണ് നേടിയത്. എന്നാൽ ‘പുഷ്പ 2’ ഈ തുക രണ്ട് ദിവസം കൊണ്ട് മറികടന്നു എന്നത് സിനിമ ലോകത്തെ ഞെട്ടിച്ചു. സിനിമ അനലിസ്റ്റുകളുടെ അഭിപ്രായത്തിൽ, ‘പുഷ്പ 2’ ഇനിയും കൂടുതൽ ഉയരങ്ങളിലേക്ക് എത്തുമെന്നും ചിത്രത്തിന്റെ വൻ വിജയം ഇന്ത്യൻ സിനിമയ്ക്ക് പുതിയൊരു ഉണർവ് നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.