ഇൻഡിഗോയുടെ പരാതി; ഇലക്ട്രിക് എസ്‌യുവിയുടെ പേര് മാറ്റി മഹീന്ദ്ര
ഇൻഡിഗോ ഡൽഹി ഹൈക്കോടതിയിൽ നൽകിയ പരാതിയെ തുടർന്ന് ഇലക്ട്രിക് എസ്‌യുവിയുടെ പേര് മാറ്റി മഹീന്ദ്ര. ‘ബിഇ 6ഇ’ യുടെ പേര് ‘ബിഇ 6’ എന്നാക്കി മാറ്റുമെന്ന് മഹീന്ദ്ര അറിയിച്ചു. കഴിഞ്ഞമാസമാണ് ബി.ഇ.ബ്രാന്റിലെ ആദ്യ ഇലക്ട്രിക് മോഡൽ ഇന്ത്യയുടെ സ്വന്തം വാഹന നിർമാതാക്കളായ മഹീന്ദ്ര പുറത്തിറക്കിയത്. ഇതിന് പിന്നാലെയാണ് വാഹനത്തിന്റെ പേരിന്മേലുള്ള കലഹം ആരംഭിച്ചത്.
6ഇ എന്നത് ഇൻഡിഗോയ്ക്ക് പകർപ്പവകാശമുള്ള പേരാണെന്നും ഇത് നീക്കണമെന്ന് ആവശ്യപ്പെട്ട് എയർലൈൻ കമ്പനിയായ ഇൻഡിഗോ രംഗത്തെത്തിയതോടെയാണ് മഹീന്ദ്ര കുടുങ്ങിയത്. ഇൻഡിഗോ നിയമനടപടികളിലേക്ക് കടക്കുകയും ചെയ്തു. ഇതോടെയാണ് മഹീന്ദ്ര പേര് മാറ്റാൻ സമ്മർദത്തിലായത്. പേര് മാറ്റം താത്കാലികമാണെങ്കിലും നിയമപോരാട്ടം തുടരുമെന്നാണ് മഹീന്ദ്ര അറിയിച്ചിരിക്കുന്നത്. 6E സാങ്കേതിക ആവശ്യങ്ങൾക്കാണ് ഇൻഡിഗോ ഉപയോഗിക്കുന്നത്.
ഇൻഡിഗോയുടെ ട്രേഡ് മാർക്കുമായി തങ്ങളുടെ കാറിന്റെ പേരായ ബിഇ 6ഇക്ക് ബന്ധമില്ലെന്ന് മഹീന്ദ്ര അവകാശപ്പെട്ടിരുന്നു. വാഹനങ്ങൾക്കായുള്ള ക്ലാസ് 12 വിഭാഗത്തിലാണ് മഹീന്ദ്ര ബി.ഇ.6e-ക്കായി പകർപ്പവകാശം നേടിയിരിക്കുന്നത്. എയർലൈൻ സർവീസിന് കീഴിലാണ് ഇൻഡിഗോ 6E പകർപ്പവകാശം നേടിയത്. ബി.ഇ.6e എന്ന പേരിനായി നിയമപോരാട്ടം നടത്തുമെന്നും മഹീന്ദ്ര വ്യക്തമാക്കിയിട്ടുണ്ട്.
XEV 9e, BE 6e ഇലക്ട്രിക് എസ്‌യുവികളാണ് കമ്പനി മഹീന്ദ്ര നവംബറിൽ വിപണിയിൽ അവതരിപ്പിച്ചത്. യഥാക്രമം 18.90 ലക്ഷം രൂപ, 21.90 ലക്ഷം രൂപ പ്രാരംഭ വിലയിലാണ് വാഹനങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്. മഹീന്ദ്രയുടെ ബോൺ-ഇവി ഇൻഗ്ലോ പ്ലാറ്റ്‌ഫോമിലാണ് ഇവ നിർമ്മിച്ചിരിക്കുന്നത്. ഫെബ്രുവരി അവസാനമോ മാർച്ച് ആദ്യമോ ഡെലിവറി ആരംഭിക്കും. മഹീന്ദ്രയുടെ പുതിയ ഇലക്ട്രിക് -ഒൺലി BE സബ് ബ്രാൻഡിന് കീഴിലുള്ള ആദ്യ മോഡലാണ് BE 6e.