രണ്ട് ലക്ഷം രൂപക്ക് കിഡ്നി ദാനം ചെയ്യാമെന്ന് പരസ്യം; അവയവദാനത്തിന്റെ പേരിൽ ഓൺലൈൻ തട്ടിപ്പ്
അവയവ ദാനത്തിന്റെ പേരിലും ഓൺലൈൻ തട്ടിപ്പ്. രണ്ട് ലക്ഷം രൂപക്ക് കിഡ്നി ദാനം ചെയ്യാമെന്ന് ഫേസ്ബുക്കിൽ പരസ്യപ്പെടുത്തിയാണ് തട്ടിപ്പ് നടത്തുന്നത്. ഡൽഹി എംയിസിൽ അവയമാറ്റ ശസ്ത്രക്രിയ നടത്താമെന്നാണ് തട്ടിപ്പ് സംഘത്തിന്റെ വാഗ്ദാനം.
ഓൺലൈൻ തട്ടിപ്പ് സംഘങ്ങൾ വിളയാടുന്ന കാലമാണിത്. പല പ്ലാറ്റ്ഫോമുകളിൽ പല രീതിയിൽ അവർ എത്തും. അവയവ ദാനത്തിന്റെ പേരിലും ഓൺലൈൻ തട്ടിപ്പ് സംഘങ്ങൾ സജീവമാണ്. ഫേസ്ബുക്കിൽ സാധനങ്ങൾ വാങ്ങാനും വില്പന നടത്താനും സാധിക്കുന്ന മാർക്കറ്റ് പ്ലേസ് എന്ന സാധ്യത മുതലെടുത്താണ് പുതിയ തട്ടിപ്പ്.
രണ്ട് ലക്ഷം രൂപക്ക് കിഡ്നി ദാനം ചെയ്യാമെന്നാണ് അതിൽ പ്രത്യക്ഷപ്പെട്ട പരസ്യം. കൂടുതൽ വിവരങ്ങൾ നമ്മുക്ക് ചാറ്റ് ചെയ്ത് ചോദിക്കാം. തുടർന്ന് അവർ നേരിട്ട് സംസാരിക്കാൻ ഫോൺ നമ്പർ നൽകും. പകുതി പണം മുൻകൂറായി നൽകണം. നടപടിക്രമങ്ങൾ ആരംഭിക്കാൻ 10000 രൂപ ടോക്കൺ പണമായി നൽകണം. വിളിക്കുന്നയാളെ വിശ്വസിപ്പിക്കാൻ തട്ടിപ്പ് സംഘം പലരീതിയിൽ ശ്രമിക്കും. നിയമ വിരുദ്ധമാണെങ്കിലും ഓൺലൈനിലൂടെ പണം നൽകിയാൽ കിഡ്നി ലഭിക്കുമോ എന്ന സംശയം തോന്നാം. എന്നാൽ മുൻകൂറായി പണം വാങ്ങിയെടുത്ത് കബളിപ്പിക്കുന്ന ശുദ്ധ തട്ടിപ്പ് മാത്രമാണിത്.