ചരിത്ര നിമിഷം; മാര്‍ ജോര്‍ജ് കൂവക്കാട് ഇനി കര്‍ദിനാള്‍
ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് കൂവക്കാട് ഇനി കത്തോലിക്ക സഭയുടെ കര്‍ദിനാള്‍. വത്തിക്കാനില്‍ ഇന്ത്യന്‍ സമയം രാത്രി 9 മണിക്കാണ് സെന്റ് പീറ്റേഴ്സ് ബസലിക്കയില്‍ സ്ഥാനാരോഹണ ചടങ്ങ് നടന്നത്. ഫ്രാന്‍സിസ് മാര്‍പ്പാപ്പയാണ് ചടങ്ങിന് മുഖ്യകാര്‍മികത്വം വഹിച്ചത്. വൈദികനില്‍ നിന്ന് ഒരാള്‍ നേരിട്ട് കര്‍ദിനാള്‍ പദവിയിലേക്ക് ഉയരുന്നത് ഇന്ത്യയിലാദ്യമാണെന്നത് മലയാളികള്‍ക്കും അഭിമാനമാണ്. മാര്‍ ജോര്‍ജ് കൂവക്കാട് ഉള്‍പ്പെടെ 21 പേരെയാണ് കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തിയത്.
ഫ്രാന്‍സിസ് മാര്‍പ്പാപ്പ പൗരസ്ത്യ പാരമ്പര്യ പ്രകാരമുള്ള ചിഹ്നങ്ങള്‍ മാര്‍ ജോര്‍ജ് കൂവക്കാടിനെ അണിയിച്ചപ്പോള്‍ ഇന്ത്യയില്‍ നിന്നുള്ള പ്രത്യേകിച്ച് കേരളത്തില്‍ നിന്നുള്ള വിശ്വാസികള്‍ തികഞ്ഞ ഭക്തിയോടെയും ഏറെ വൈകാരികവുമായാണ് ആ കാഴ്ച കണ്ടത്. മാര്‍പ്പാപ്പയുടെ പ്രത്യേക കുര്‍ബാനയോടെയാണ് സ്ഥാനാരോഹണ ചടങ്ങുകള്‍ ആരംഭിച്ചത്. പൗരസ്ത്യ പാരമ്പര്യ പ്രകാരമുള്ള തൊപ്പിയും മോതിരവും അധികാരപത്രവുമാണ് മാര്‍ ജോര്‍ജ് കൂവക്കാട് ഉള്‍പ്പെടെയുള്ളവര്‍ക്ക് കൈമാറിയത്. ഒന്നര മണിക്കൂറോളമാണ് പ്രൗഢഗംഭീരമായ ചടങ്ങുകള്‍ നീണ്ടുനിന്നത്.
മാര്‍പ്പാപ്പയെ തെരഞ്ഞെടുക്കാനുള്ള അവകാശമുള്ളത് 80 വയസില്‍ താഴെയുള്ള കര്‍ദിനാള്‍മാര്‍ക്കാണ്. മാര്‍പ്പാപ്പ കഴിഞ്ഞാല്‍ കത്തോലിക സഭയില്‍ ഒരു പുരോഹിതന് വഹിക്കാന്‍ കഴിയുന്ന ഏറ്റവും ഉന്നതമായ സ്ഥാനമാണ് കര്‍ദിനാള്‍. റോമിലെ രാജകുമാരന്മാര് എന്നാണ് ഇവരെ വിളിക്കുന്നത്. ഇറ്റലിക്കാരനായ 99 വയസുള്ള ആഞ്ചലോ അച്ചേര്‍ബിയാണ് ഇക്കൂട്ടത്തില്‍ കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്ന ഏറ്റവും പ്രായംകൂടിയയാള്‍. ചങ്ങനാശ്ശേരി മാമ്മൂട്ടില്‍ കൂവക്കാട് ജേക്കബ് വര്‍ഗീസിന്റേയും ത്രേസ്യാമ്മയുടെയും മകനാണ് മാര്‍ ജോര്‍ജ് കൂവക്കാട്. സ്ഥാനാരോഹണ ചടങ്ങില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ഏഴംഗ സംഘമാണ് പങ്കെടുത്തത്. മാര്‍ ജോര്‍ജ് കൂവക്കാടിന് പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി പിണറായി വിജയനും ഉള്‍പ്പെടെയുള്ളവര്‍ ആശംസകള്‍ നേര്‍ന്നു.