SportsTop News

കേരള ബ്ലാസ്‌റ്റേഴ്‌സിന് വീണ്ടും തോല്‍വി; സുനില്‍ ഛേത്രിയുടെ ഹാട്രികില്‍ ബെംഗളുരുവിന് 4-2 ജയം

Spread the love

ഇന്ത്യന്‍ സൂപ്പര്‍ലീഗില്‍ വിജയം തേടിയിറങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് മലര്‍ത്തിയടിച്ച് ബെംഗളുരു എഫ്‌സി. സുനില്‍ ഛേത്രി ഹാട്രിക് നേടിയ മത്സരത്തില്‍ പന്ത് കൈവശം വെച്ചതിലും പാസുകളുടെ കൃത്യതയിലും ടാര്‍ഗറ്റ് ഷോട്ടുകളെടുത്തതിലുമൊക്കെ കേരളം മുമ്പിലായിട്ടും വിജയം മാത്രം ബെംഗളുരു വിട്ടുകൊടുത്തില്ല. ആദ്യ പകുതിയില്‍ തന്നെ കേരളത്തിന്റെ പോസ്റ്റിലേക്ക് രണ്ട് ഗോളുകളാണ് ബെംഗളുരു അടിച്ച് കയറ്റിയത്. എന്നാല്‍ രണ്ടാംപകുതിയില്‍ രണ്ട് ഗോളുകളും മടക്കി തിരിച്ചെത്തിയ ബ്ലാസ്‌റ്റേഴ്‌സ് ആരാധകരെ തന്നെ ഞെട്ടിച്ചു. പക്ഷേ വിട്ടുകൊടുക്കാന്‍ തയ്യാറാകാതിരുന്ന ബെംഗളുരു വീണ്ടും രണ്ടു തവണ ബ്ലാസ്റ്റേഴ്സ് വലയിലേക്ക് പന്ത് പായിച്ചതോടെ മത്സരത്തിന്റെ ഗതി ഏറെക്കുറെ ബെംഗളുരു തീരുമാനിച്ചത് പോലെയായി.

മത്സരം തുടങ്ങി എട്ടാം മിനിറ്റില്‍ തന്നെ ലീഡ് എടുക്കാന്‍ ഛേത്രിക്കും സംഘത്തിനുമായി. വിങ്ങില്‍ നിന്ന് റയാന്‍ വില്യംസ് നല്‍കിയ ക്രോസ് കൃത്യമാര്‍ന്ന ഹെഡറിലൂടെ സുനില്‍ ഛേത്രി വലയിലെത്തിക്കുകയായിരുന്നു. 39-ാം മിനിറ്റില്‍ റയാന്‍ വില്യംസിലൂടെ ബെംഗളൂരു ലീഡ് വര്‍ധിപ്പിച്ചു. വലതു വിങ്ങിലൂടെ മുന്നേറി മനോഹരമായൊരു സ്ട്രൈക്കിലൂടെ റയാന്‍ പന്തിനെ വലയിലെത്തിക്കുകയായിരുന്നു. എന്നാല്‍ വിജയം മാത്രം ലക്ഷ്യമിട്ട് ഇറങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സ് കൈമെയ് മറന്ന് പൊരുതാനുറച്ചാണ് രണ്ടാംപകുതിയില്‍ ഇറങ്ങിയത്. ഇത് മത്സരത്തില്‍ കാണാനുമായി. 56-ാം മിനിറ്റില്‍ ജെസ്യൂസ് ജിമനസിലൂടെ ഒരു ഗോള്‍ മടക്കാന്‍ കേരളത്തിനായി. അധികം വൈകിയില്ല 67-ാം മിനിറ്റില്‍ ഫ്രെഡി ലല്ലാവ്മ ബ്ലാസ്റ്റേഴ്സിനായി സമനില ഗോള്‍ നേടി. സ്‌കോര്‍ 2-2. എന്നാല്‍ ബ്ലാസ്റ്റേഴ്സിന്റെ ആരാധകരുടെ ആഘോഷത്തിന് അധികം ആയുസുണ്ടായിരുന്നില്ല. 73-ാം മിനിറ്റില്‍ സുനില്‍ ഛേത്രി വീണ്ടും ബെംഗളൂരുവിനെ മുന്നിലെത്തിച്ചു. ഇഞ്ചുറി ടൈമില്‍ ഛേത്രി മൂന്നാമതും വല കുലുക്കിതയതോടെ ബെംഗളൂരുവിന്റെ വിജയമുറപ്പിച്ചു. തോല്‍വിയോടെ വെറും പതിനൊന്ന് പോയിന്റ് മാത്രമുള്ള കേരളം 11 സ്ഥാനത്ത് ആണ്. ബെംഗളുരുവാകട്ടെ ആധികാരിക ജയത്തോടെ 23 പോയിന്റുമായി ആദ്യ സ്ഥാനത്ത് എത്തി.