തിരുച്ചിറപ്പള്ളി റെയില്‍വേസ്റ്റേഷനില്‍ നിന്ന് 75 ലക്ഷം ഹവാല പണം പിടികൂടി; ഹവാല ഇടപാടുകളുടെ മുഖ്യകണ്ണിയെ തെരഞ്ഞ് പൊലീസ്
തിരുച്ചിറപ്പള്ളി റെയില്‍വേസ്റ്റേഷനില്‍ നിന്ന് 75 ലക്ഷം രൂപ ഹവാല പണം പിടികൂടി. ശിവസംഗൈ സ്വദേശിയായ ആരോഗ്യദാസില്‍ നിന്നാണ് പണം പിടിച്ചെടുത്തത്. ആര്‍പിഎഫ് സംഘം നടത്തിയ പരിശോധനയില്‍ പിടികൂടിയ പണം ഐടി ഡിപ്പാര്‍ട്ട്‌മെന്റിന് കൈമാറി.
ഇന്നലെ രാവിലെയാണ് ആര്‍പിഎഫ് സംഘം തിരുച്ചിറപ്പള്ളി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പണം പിടികൂടിയത്. ആറ് നമ്പര്‍ പ്ലാറ്റ്‌ഫോമിലേക്ക് കൊല്‍ക്കത്ത-തിരുച്ചിറപ്പള്ളി ഹൗറാ എക്‌സ്പ്രസ് എത്തിയപ്പോള്‍ ആര്‍പിഎഫ് സംഘം നടത്തി. കറുത്ത ബാഗുമായി പുറത്തേക്കിറങ്ങിയ ഒരാളെ സംഘത്തിന് സംശയം തോന്നി. പ്രാഥമിക ചോദ്യം ചെയ്യലില്‍ ഇയാള്‍ ശിവഗംഗൈ ദേവക്കോട്ടൈ സ്വദേശി ആരോഗ്യദാസ് ആണെന്ന് വ്യക്തമായി. പിന്നാലെ ബാഗ് പരിശോധിച്ചപ്പോഴാണ് പണം കണ്ടെത്തിയത്. 50 ലക്ഷം രൂപയാണുള്ളതെന്നാണ് ആരോഗ്യദാസ് പറഞ്ഞത്. എന്നാല്‍ പരിശോധനയില്‍ 75 ലക്ഷം രൂപ കണ്ടെത്തി
പ്രതി ചെന്നൈയില്‍ നിന്നാണ് ട്രെയിന്‍ കയറിയത്. ശിവഗംഗൈ കാരൈക്കുടി സ്വദേശിക്കാണ് പണം കൈമാറാനിരുന്നതെന്ന് ആരോഗ്യദാസ് പറയുന്നു. പിടിച്ചെടുത്ത പണം ഐടി ഡിപ്പാര്‍ട്ട്‌മെന്റിന് കൈമാറി. ആരോഗ്യദാസ് വഴി ഹവാല ഇടപാടിലെ മുഖ്യകണ്ണികളിലേക്ക് എത്താനാകുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.