NationalTop News

കർഷക പ്രക്ഷോഭം ഇന്ന് പുനഃരാരംഭിക്കും; അമൃത്സറിലേക്ക് പോകുന്ന BJP നേതാക്കളെ തടയുമെന്ന് കർഷക നേതാവ് സർവൻ സിംഗ് പന്ദേർ

Spread the love

അമൃത്സറിലേക്ക് പോകുന്ന കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയെയും ഹരിയാന മുഖ്യമന്ത്രി നയാബ് സിംഗ് സൈനിയെയും തടയുമെന്ന് കർഷക നേതാവ് സർവൻ സിംഗ് പന്ദേർ. ഇരുവരും പഞ്ചാബിലേക്ക് പ്രവേശിക്കുന്നത് തടയാൻ കർഷകരോട് ആഹ്വാനം ചെയ്തുവെന്നും സർവൻ സിംഗ് പന്ദേർ വ്യക്തമാക്കി. ശംഭു അതിർത്തിയിൽ പൊലീസുമായി ഉണ്ടായ സംഘർഷത്തെ തുടർന്ന് നിർത്തിവെച്ച കർഷകരുടെ ദില്ലി ചലോ മാർച്ച് ഇന്ന് പുനഃരാരംഭിക്കും. ഉച്ചയ്ക്ക് 12 മണിക്കാണ് മാർച്ച് ആരംഭിക്കുക. 101 കർഷകർ ജാഥയായി ഡൽഹിയിലേക്ക് നീങ്ങും. ഡല്‍ഹി പൊലീസ് അതിര്‍ത്തികളില്‍ സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്. ശംഭു അതിർത്തിയിലും, അംബാലയിലും പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

കർഷകർക്ക് നേരെ കഴിഞ്ഞ ദിവസമുണ്ടായ പൊലീസ് നടപടിയിൽ 17 കർഷകർക്ക് പരുക്കേറ്റിരുന്നു. മാർച്ച്‌ ആരംഭിച്ച് നിമിഷങ്ങൾക്കകം തന്നെ പൊലീസ് കണ്ണീർ വാതക ഗ്രനേഡ് പ്രയോഗിക്കുകയായിരുന്നു. അതേസമയം, ശംഭു അതിർത്തിയിൽ ഈ മാസം ഒന്‍പത് വരെ ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. സംയുക്ത കിസാന്‍ മോര്‍ച്ച, കിസാന്‍ മസ്‌ദൂര്‍ മോര്‍ച്ച, തുടങ്ങിയവയുടെ നേതൃത്വത്തിലാണ് കര്‍ഷക പ്രക്ഷോഭം നടക്കുന്നത്. കർഷകർക്ക് പിന്തുണയുമായി പഞ്ചാബിൽ നിന്നും ഹരിയാനയിൽ നിന്നും കൂടുതൽ കർഷകർ ശംഭു അതിർത്തിയിൽ എത്തി. എം എസ് പി നിയമംവഴി ഉറപ്പാക്കണം,കാർഷിക കടം എഴുതിത്തള്ളൽ, പെൻഷൻ തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കർഷകരുടെ പ്രതിഷേധം.