ഉന്നത ഉദ്യോഗസ്ഥർക്കെതിരെ പരസ്യ വിമർശനം നടത്തി; എൻ പ്രശാന്ത് ഐഎഎസിന് ചാർജ് മെമ്മോ
സസ്പെൻഷനിലായ എൻ. പ്രശാന്ത് ഐഎഎസിന് ചാർജ് മെമ്മോ. സസ്പെൻഷനിൽ ആയ ശേഷവും ഉന്നത ഉദ്യോഗസ്ഥർക്കെതിരെ മാധ്യമങ്ങളിലൂടെ അഭിമുഖം നൽകി പരസ്യ വിമർശനം നടത്തിയതിനാണ് പ്രശാന്തിന്റെ നേരെ ചാർജ് മെമ്മോ നൽകിയത്. മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ എ ജയതിലകിനെതിരായ പരസ്യപോരിലാണ് എൻ പ്രശാന്ത് സസ്പെൻഷനിലായത്. ജയതിലകിന്റെ തെറ്റായ സമീപനങ്ങളെയാണ് ചൂണ്ടിക്കാണിച്ചതെന്നായിരുന്നു എൻ പ്രശാന്തിന്റെ നിലപാട്. ഉന്നതിയുടെ ചുമതലയിൽ ഉണ്ടായിരുന്ന പ്രശാന്തിന് ഫയലിൽ അഭിപ്രായം രേഖപ്പെടുത്താൻ വിലക്കേർപ്പെടുത്തിയെന്ന് വ്യക്തമാക്കുന്നതാണ് പുറത്തുവന്ന ജയതിലകിന്‍റെ കുറിപ്പ്.തനിക്ക് നേരിട്ട് ഫയൽ സമർപ്പിച്ചാൽ മതിയെന്നും,പ്രശാന്തിന് കൈമാറേണ്ടെന്നും ഉദ്യോഗസ്ഥർക്ക് കുറിപ്പിലൂടെ നിർദ്ദേശം നൽകുന്നുണ്ട്.
2024 മാർച്ച് ഏഴിന് നൽകിയ കുറിപ്പ് മന്ത്രി അറിയാതെയാണെന്നാണ് വിവരം.വകുപ്പ് മന്ത്രി അംഗീകരിച്ച ഫയൽ റൂട്ടിങ്ങിനു വിരുദ്ധമായിട്ടാണ് കുറിപ്പ് എന്ന് ചില ഉദ്യോഗസ്ഥർ പറയുന്നുണ്ട്.കുറിപ്പ് നൽകിയതിന് പിന്നാലെ എൻ പ്രശാന്ത് ചീഫ് സെക്രട്ടറിക്ക് പരാതി നൽകിയിരിന്നു.മറ്റൊരു വകുപ്പിലേക്ക് മാറ്റണമെന്ന പ്രശാന്തിന്റെ ആവശ്യം പരിഗണിച്ചാണ് പിന്നീട് കൃഷി വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയായി അദ്ദേഹത്തെ നിയമിച്ചത്. ഫയിലില്‍ സ്വതന്ത്രമായി അഭിപ്രായം എഴുതിയതിനാലാണ് തന്നെ ക്രൂശിക്കുന്നതെന്നും, തന്റെ ഫയൽനോട്ടുകൾ ചിലർ ഭയക്കുന്നുവെന്നും എൻ പ്രശാന്ത് സോഷ്യൽ മീഡിയയിൽ വ്യക്തമാക്കിയിരുന്നു.