KeralaTop News

55 കിലോ ഭാരമുള്ളയാളെ താങ്ങാൻ പഴയ പ്ലാസ്റ്റിക് കയറിന് കഴിയുമോ?; നവീൻ ബാബുവിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് പിവി അൻവർ

Spread the love

മുൻ കണ്ണൂർ എ ഡി എം കെ നവീൻ ബാബുവിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് നിലമ്പൂർ എംഎൽഎ പി വി അൻവർ. നവീൻ ബാബു 5 സെന്റിമീറ്റർ വണ്ണമുള്ള കയറിൽ തൂങ്ങി മരിച്ചു എന്നാണ് പൊലീസ് പറയുന്നത്. കഴുത്തിൽ എവിടെയും രക്തം ഇല്ല. അടിവസത്രത്തിൽ രക്തം ഉണ്ടെന്ന് ഇൻക്വസ്റ്റിൽ പറയുന്നു. മല മൂത്ര വിസർജനം ഉണ്ടായിട്ടില്ല. ശ്വാസം മുട്ടി മരിച്ച ആളുടെ ഹൃദയഭിത്തി സാധാരണ നിലയിൽ എന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. എന്നാൽ 55 കിലോ ഭാരമുള്ള നവീൻ ബാബുവിന് അഞ്ചു സെൻറീമീറ്റർ വണ്ണമുള്ള കയറിൽ എങ്ങനെ തൂങ്ങിമരിക്കാൻ കഴിയും? അങ്ങനെയെങ്കിൽ താരതമ്യേന വണ്ണം കുറവുള്ള കയർ ആയതുകൊണ്ട് തന്നെ കഴുത്തിൽ മുറിവുണ്ടാകേണ്ടത് അല്ലേയെന്നും പി വി അൻവർ ആരോപിച്ചു.

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കെതിരെയും അൻവർ ആരോപണം ഉന്നയിച്ചിട്ടുണ്ട്. പി ശശിയുമായി ബന്ധപ്പെട്ട് വിവരങ്ങൾ നവീൻ ബാബുവിന് അറിയാമായിരുന്നുവെന്നും നിയമവിരുദ്ധമായ കാര്യങ്ങൾക്ക് പി ശശി നിർബന്ധിക്കുന്നു എന്ന് അദ്ദേഹം ചില സുഹൃത്തുക്കളോടും ബന്ധുക്കളോടും പറഞ്ഞിരുന്നതായും പി വി അൻവർ ആരോപിച്ചു.

പൊലീസും സർക്കാരും സത്യസന്ധമാണെങ്കിൽ ആദ്യം തന്നെ ഇൻക്വസ്റ്റ് സി ഡി സമർപ്പിക്കേണ്ടതാണ്. കുടുംബം ആവശ്യപ്പെട്ടത് പ്രകാരം ഒരു അന്വേഷണ ഏജൻസി കേസ് അന്വേഷിക്കണം. നിയമപരമായി കേസിൽ കക്ഷി ചേരുമെന്നും പി വി അൻവർ വ്യക്തമാക്കി.

അതേസമയം, എഡിഎം നവീൻ ബാബുവിന്റെ അടിവസ്ത്രത്തിൽ രക്തക്കറ ഉണ്ടായിരുന്നതായി പൊലീസ് ഇൻക്വസ്റ്റ് റിപ്പോർട്ട് പുറത്തുവരുന്നിരുന്നു. ഒക്ടോബർ 15-ന് കണ്ണൂർ ടൗൺ പൊലീസ് തയ്യാറാക്കിയ ഇൻക്വസ്റ്റ് റിപ്പോർട്ടിലാണ് ഈ പരാമർശമുള്ളത്. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ രക്തക്കറയുടെ പരാമർശങ്ങളില്ല. എഫ്ഐആറിലും മറ്റു സംശയങ്ങൾ പറയുന്നില്ല. പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍ റിപ്പോര്‍ട്ട് കൃത്യമായി വായിച്ചില്ലെന്ന് നവീന്‍ ബാബുവിന്റെ ബന്ധു അനില്‍ പി നായര്‍ കുറ്റപ്പെടുത്തി.

പോസ്റ്റ്‌മോര്‍ട്ടത്തില്‍ രക്തക്കറയെപ്പറ്റി പരാമര്‍ശിക്കേണ്ടതായിരുന്നു. ശരീരത്തിന്റെ ഏത് ഭാഗത്ത് നിന്നാണ് രക്തശ്രാവമുണ്ടായത് എന്നത് വ്യക്തമാക്കേണ്ടതായിരുന്നു. മുറിവില്ലാതെ രക്തമുണ്ടാവില്ലല്ലോ? അത് ശരീരത്തിന്റെ ഏത് ഭാഗത്ത് നിന്നാണെന്ന് പരിചയസമ്പന്നനായ ഒരു ഡോക്ടര്‍ രേഖപ്പെടുത്തേണ്ടതാണ്. അട്ടിമറിയും ഗൂഢാലോചനയും ഈ കേസില്‍ ആദ്യമേ തന്നെയുണ്ടല്ലോ. ഇപ്പോഴും പ്രതിപ്പട്ടികയില്‍ ഒരാള്‍ മാത്രമാണ് – അനില്‍ പി നായര്‍ വ്യക്തമാക്കി.