നിലമ്പൂർ MLA കള്ളം പറയുന്ന ഗതികേടിൽ; പി വി അൻവറിനെതിരെ നിയമ നടപടിയെന്ന് പി ശശി
കണ്ണൂർ മുൻ എ ഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ തനിക്ക് പങ്കുണ്ടെന്ന പി വി അൻവറിന്റെ ആരോപണങ്ങൾക്ക് എതിരെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം.
വസ്തുതയുമായി യാതൊരു ബന്ധവുമില്ലാത്ത നുണകള്‍ പറഞ്ഞുമാത്രം നിലനില്‍ക്കേണ്ട ഗതികേടില്‍ നിലമ്പൂര്‍ എംഎല്‍എ അന്‍വര്‍ ചെന്നെത്തിയിരിക്കുന്നു എന്നതിന്‍റെ തെളിവാണ് ഇന്നത്തെ പ്രസ്താവന. നവീന്‍ ബാബുവുമായി ജീവിതത്തില്‍ ഇന്നേവരെ എന്തെങ്കിലും കാര്യത്തിന് ബന്ധപ്പെടാനോ സംസാരിക്കാനോ ഉള്ള സാഹചര്യം ഉണ്ടായിട്ടില്ല പി ശശി ഫേസ്ബുക്കിൽ കുറിച്ചു.
ഒരു തരത്തിലും എനിക്ക് ഒരു ബന്ധവുമില്ലാത്ത നവീന്‍ ബാബുവുമായി ബന്ധപ്പെടുത്തി എംഎല്‍എ പറഞ്ഞത് നുണകളും ദുരാരോപണങ്ങളുമാണ്. പൊതുസമൂഹത്തില്‍ അപമാനിക്കുവാന്‍ ശ്രമിച്ചതിന് അൻവറിനെതിരെ നിയമനടപടി സ്വീകരിക്കും. ഇതിനകം നടത്തിയ അപമാനകരമായ നുണപ്രചാരണങ്ങള്‍ക്കെതിരെ രണ്ട് കേസ്സുകള്‍ കോടതിയില്‍ ഫയല്‍ ചെയ്തിട്ടുണ്ടെന്നും ശശി വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയുമായി ബന്ധപ്പെട്ട ചില വിവരങ്ങൾ നവീൻ ബാബുവിന് അറിയാമായിരുന്നു എന്നായിരുന്നു ദില്ലിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പിവി അൻവറിന്‍റെ ആരോപണം.നിയമവിരുദ്ധമായ കാര്യങ്ങൾക്ക് പി ശശി നിർബന്ധിക്കുന്നു എന്ന് നവീൻ ബാബു ചില സുഹൃത്തുക്കളോടും ബന്ധുക്കളോടും പറഞ്ഞിരുന്നു. ശശിയുടെ ഇടപെടൽ കാരണം ജോലി ചെയ്യാൻ നവീൻബാബുവിന് ബുദ്ധിമുട്ടുണ്ടായിരുന്നു.സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം നൽകിയിരിക്കുന്ന ഹർജിയിൽ കക്ഷി ചേരുമെന്നും പി വി അൻവർ വാർത്താസമ്മേളനത്തിൽ കൂട്ടിച്ചേർത്തു.