ഒരു കഴിവുമില്ല, ബിജെപി തള്ളി കളഞ്ഞയാളെ ആവശ്യമില്ല’; സന്ദീപ് വാര്യർക്കെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്
സന്ദീപ് വാര്യരെ കെപിസിസി ജനറല്‍ സെക്രട്ടറി ആക്കാനുള്ള നീക്കത്തിനെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എഐസിസി അംഗവുമായ വിജയന് പൂക്കാടന്‍. സന്ദീപ് വാര്യര്‍ ഒരു കഴിവും ഇല്ലാത്തയാളാണെന്നും കഴിവും പ്രാപ്തിയുമുള്ള നിരവധി നേതാക്കള്‍ പാര്‍ട്ടിയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സന്ദീപിനെ വലിയയാളെ പോലെ പാര്‍ട്ടി കെട്ടി എഴുന്നള്ളിച്ച് നടക്കുന്നത് അതിശയമാണ്.എന്താണ് സന്ദീപിന്റെ സംഭാവനയെന്നും സന്ദീപിന് ഒപ്പം ആരെങ്കിലും പാര്‍ട്ടിയിലേക്ക് വരുമോയെന്ന് അദ്ദേഹം ചോദിച്ചു.
സന്ദീപ് വന്നത് പാലക്കാട് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തിരിച്ചടിയായി, വോട്ട് കുറഞ്ഞു.ബിജെപിക്കാര്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചു.സന്ദീപ് വന്നില്ലായിരുന്നുവെങ്കിൽ രാഹുലിന് 25,000 വോട്ട് ഭൂരിപക്ഷം കിട്ടുമായിരുന്നു. കെപിസിസി ചുമതലക്ക് യോഗ്യതയുള്ള നിരവധി നേതാക്കള്‍ പാലക്കാട് ഉണ്ടെന്നും ബിജെപിയില്‍ നിന്ന് തള്ളി കളഞ്ഞ ആളെ ആവശ്യമില്ലെന്നും വിജയന് പൂക്കാടന്‍ പ്രതികരിച്ചു.
ബി.ജെ.പി വിട്ട് കോൺഗ്രസിൽ ചേർന്ന സന്ദീപ് വാര്യർ കെ.പി.സി.സി ജനറൽ സെക്രട്ടറിയായേക്കുമെന്ന് റിപ്പോർറ്റുകൾ വന്നിരുന്നു. കെ.പി.സി.സി പുനസംഘടനക്ക് മുൻപ് തീരുമാനം എത്തിയേക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.ഡൽഹിയിലെത്തിയ സന്ദീപ് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപദാസ് മുൻഷി എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
പാലക്കാട് ഉപതിരഞ്ഞടുപ്പിനിടെയായിരുന്നു ബി.ജെ.പി നേതൃത്വവുമായി ഉടക്കിയാണ് സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ എത്തിയത്. പാലക്കാട്ടെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായിരുന്ന സി.കൃഷ്ണകുമാറിനും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനുമെതിരെ രൂക്ഷവിമര്‍ശനമായിരുന്നു സന്ദീപ് വാര്യര്‍ ഉന്നയിച്ചത്. കോണ്‍ഗ്രസിലെത്തിയ സന്ദീപിന് വന്‍ സ്വീകരണമായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരനും അടക്കമുള്ളവര്‍ നല്‍കിയത്.