അദാനിയുമായി ദീർഘകാല കരാറില്ല, ആര്യാടൻ്റെ കാലത്തെ കരാറുകൾ റദ്ദാക്കിയത് സർക്കാരോ KSEB യോ അല്ല; ചെന്നിത്തലയുടെ ആരോപണം തെറ്റ്, മന്ത്രി കെ കൃഷ്ണൻകുട്ടി
വൈദ്യുതി നിരക്ക് വർധനവിൽ സംസ്ഥാന സർക്കാരിനെതിരെ അഴിമതി ആരോപണം ഉന്നയിച്ച രമേശ്ചെന്നിത്തലയ്ക്ക് മറുപടി നൽകി മന്ത്രി കെ കൃഷ്ണൻകുട്ടി. അദാനിയുമായി ദീർഘകാല കരാറില്ല ചെന്നിത്തലയുടെ ആരോപണം തെറ്റാണ്. കേരളത്തിലെ നിരക്ക് വർധനവ് പൊതുവിൽ കുറവാണ്. കർണാടകയിൽ 67 പൈസയാണ് ഈ വർഷം യൂണിറ്റിന് വർധിച്ചിട്ടുള്ളത് മന്ത്രി വ്യക്തമാക്കി.
നിരക്ക് വർധനയിൽ സർക്കാരിന് ഇടപെടാൻ കഴിയില്ല. പവർക്കട്ട് ഒഴിവാക്കാനാണ് വൈദ്യുതി വാങ്ങുന്നത്. KSEB ദീർഘകാല കരാറുകൾ റദ്ദാക്കിയിട്ടില്ല. റെഗുലേറ്ററി കമ്മീഷനാണ് റദ്ദാക്കിയത്. വിഷയത്തിൽ സർക്കാർ അപ്പീൽ നൽകിയിരുന്നു. ആര്യാടൻ മുഹമ്മദിന്റെ കാലത്തെ കരാറുകൾ റദ്ദാക്കിയത് സർക്കാരോ KSEBയോ അല്ലെന്നും നടപടികളിലെ പാളിച്ചകൾ കാരണം റെഗുലേറ്ററി കമ്മീഷനാണെന്നും കരാർ പുനഃസ്ഥാപിക്കാൻ സർക്കാർ സുപ്രീംകോടതിയെവരെ സമീപിച്ചിട്ടുണ്ടെന്നും മന്ത്രി കെ കൃഷ്ണൻകുട്ടി കൂട്ടിച്ചേർത്തു.
ഉപഭോക്താക്കളോട് നിരക്ക് വർധനയിൽ സഹകരിക്കണമെന്ന് ആവശ്യപ്പെട്ട വൈദ്യുത മന്ത്രി കെ.കൃഷ്ണൻകുട്ടി അടുത്തവർഷം നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച വർധനവ് ഒഴിവാക്കാൻ ശ്രമിക്കുമെന്നും ട്വന്റി ഫോറിനോട് പറഞ്ഞു.
അതേസമയം, കുറഞ്ഞ നിരക്കിൽ 25 വർഷത്തേക്ക് വൈദ്യുതി ലഭ്യമാക്കാനുള്ള കരാർ റദ്ദാക്കി കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങുന്നത് അദാനി കമ്പനികൾക്ക് വേണ്ടി നടത്തുന്ന അഴിമതിയാണെന്നായിരുന്നു രമേശ് ചെന്നിത്തല വാർത്താ സമ്മേളനത്തിൽ കുറ്റപ്പെടുത്തിയത്. അദാനി പവറിൽനിന്ന് കേരളം വാങ്ങുന്ന വൈദ്യുതിയുടെ വില ചൂണ്ടിക്കാട്ടിയായിരുന്നു ആരോപണം. യുഡിഎഫ് സർക്കാരിൻ്റെ കാലത്ത് നാല് രൂപയ്ക്ക് വാങ്ങിയ വൈദ്യുതി 10.25 രൂപ മുതൽ 14 രൂപ നിരക്കിലാണ് ഇപ്പോൾ വാങ്ങുന്നതെന്നും നാല് അദാനി കമ്പനികളിൽ നിന്നാണ് വൈദ്യുതി വാങ്ങുന്നതെന്നും പറഞ്ഞ അദ്ദേഹം റെഗുലേറ്ററി കമ്മീഷനും സർക്കാരും ചേർന്ന് നടത്തുന്ന അഴിമതിയാണ് ഇതിന് പിന്നിലെന്നും ആരോപിച്ചു.
2016ൽ ആര്യാടൻ മുഹമ്മദ് വൈദ്യുതി മന്ത്രിയായിരുന്ന കാലത്ത് ഒപ്പുവച്ച ദീർഘകാല കരാർ റദ്ദാക്കിയതാണ് വൈദ്യുത പ്രതിസന്ധിക്ക് കാരണമെന്നാണ് പ്രതിപക്ഷ ആരോപണം. കുറഞ്ഞ തുകയ്ക്ക് ദീർഘകാലത്തേക്ക് വൈദ്യുതി കിട്ടുന്ന കരാർ റദ്ദാക്കിയാണ് ഹ്രസ്വകാല കരാറിൽ സർക്കാർ ഒപ്പുവച്ചത്. 45,000 കോടി രൂപയാണ് ഇതുമൂലം ഉണ്ടാകുന്ന ബാധ്യത എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.
വൈദ്യുതി വാങ്ങാനുള്ള ദീര്‍ഘകാല കരാര്‍ റദ്ദാക്കിയതും അണക്കെട്ടുകളിലെ ജലനിരപ്പ് കുറഞ്ഞതുമാണ് കെഎസ്ഇബിയുടെ അധികബാധ്യതയ്ക്ക് കാരണം. 2023 മേയ് 10 വരെ വൈദ്യുതി വകുപ്പിൽ എല്ലാം കൃത്യമായിരുന്നു.സംസ്ഥാനത്തെ വൈദ്യുതി ഉപയോഗത്തിൽ 30 ശതമാനം മാത്രമാണ് ആഭ്യന്തര ഉൽപ്പാദനം. ബാക്കിയുള്ള 70 ശതമാനം പുറത്തു നിന്നും വാങ്ങുന്നതായിരുന്നു രീതി. ഇതിനായി
2015 മുതൽ 2040 വരെ മൂന്ന് കമ്പനികളുമായി ദീർഘകാല കരാർ ഉണ്ടായിരുന്നു.യൂണിറ്റിന് നാലുരൂപ 26 പൈസയ്ക്ക് 465 മെഗാവാട്ട് വൈദ്യുതി എഴുവര്‍ഷമായി വാങ്ങിക്കൊണ്ടിരുന്നത് 2023 ൽ റദ്ദാക്കി.